ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സുരക്ഷാഭീഷണികൾ മുൻനിർത്തിയാണ് കേന്ദ്രം ദലൈലാമയ്ക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുന്നത്. അദ്ദേഹത്തിന് എതിരെ സുരക്ഷാഭീഷണികൾ ഉള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനം. ഇസഡ് കാറ്റഗറി സുരക്ഷാ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദലൈലാമക്ക് 33 സുരക്ഷാ ഉദ്യോഗസ്ഥരെ ലഭിക്കും.
ഇതുവരെ ദലൈലാമയ്ക്ക് ഹിമാചൽ പ്രദേശ് പോലീസിന്റെ കീഴിലുള്ള സുരക്ഷ മാത്രമായിരുന്നു നൽകിയിരുന്നത്. പ്രത്യേക സുരക്ഷയുടെ ഭാഗമായി ദലൈലാമയുടെ വസതിയിൽ സായുധ സ്റ്റാറ്റിക് ഗാർഡുകൾ, 24 മണിക്കൂറും സുരക്ഷ നൽകുന്ന വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥർ, ഷിഫ്റ്റുകളിൽ സായുധ അകമ്പടിയായി പ്രവർത്തിക്കുന്ന കമാൻഡോകൾ എന്നിവരെ വിന്യസിക്കുന്നതായിരിക്കും. കൂടാതെ, പരിശീലനം ലഭിച്ച ഡ്രൈവർമാരും മോണിറ്ററിംഗ് ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാൻ എല്ലായ്‌പ്പോഴും ഡ്യൂട്ടിയിലുണ്ടാകും. ദലൈലാമയ്ക്ക് സുരക്ഷാ ഭീഷണി ഉള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ഇസഡ് കാറ്റഗറി സുരക്ഷ നൽകുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് അറിയിച്ചത്. 89 കാരനായ ബുദ്ധമത ആത്മീയ നേതാവിന്റെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് രാജ്യമായതിനു തൊട്ടുപിന്നാലെ 1949-ൽ ആയിരുന്നു ചൈന ടിബറ്റിനെ ആക്രമിച്ച് അധിനിവേശ പ്രദേശമാക്കി മാറ്റിയത്. 1959-ൽ ടിബറ്റൻ ജനത ചൈനയ്‌ക്കെതിരായി നടത്തിയ പ്രക്ഷോഭത്തിന്റെ പരാജയത്തിന് ശേഷമാണ് ദലൈലാമ ഇന്ത്യയിൽ അഭയം തേടിയത്. അന്നുമുതൽ അദ്ദേഹം ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ആണ് കഴിഞ്ഞുവരുന്നത്. ബുദ്ധമതത്തിലെ ഏറ്റവും വലിയ ഗുരുവാണ് ദലൈലാമ. 1935 ൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്. ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാക്കളുടെ സ്ഥാനപ്പേരാണ് ദലൈലാമ എന്നുള്ളത്. രണ്ട് വയസ്സുള്ളപ്പോൾ മുതൽ മുൻ ദലൈലാമയുടെ പിൻഗാമിയായി ടെൻസിൻ ഗ്യാറ്റ്സോ മാറി. 1940-ൽ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ വെച്ച് പതിനാലാമത്തെ ദലൈലാമയായി സ്ഥാനമേറ്റു.
ചൈനീസ് അധിനിവേശത്തെ തുടർന്ന് ദലൈലാമയ്ക്ക് സ്വന്തം രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നിട്ട് 62 വർഷങ്ങളായി. തന്റെ 24 ആം വയസ്സിലായിരുന്നു അദ്ദേഹം ഇന്ത്യയിൽ എത്തിയത്. പതിറ്റാണ്ടുകളായി ടിബറ്റിന്റെ നീതിക്കും സ്വാതന്ത്ര്യത്തിനും സ്വയംഭരണ അവകാശത്തിനും വേണ്ടി അദ്ദേഹം സംസാരിക്കുന്നു. ഈ വർഷങ്ങൾക്കിടയിൽ 67 ലോക രാജ്യങ്ങൾ ദലൈലാമ സന്ദർശിച്ചു. 1989-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചിരുന്നു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ദലൈലാമക്കായി പ്രത്യേക ആശ്രമം ഇന്ത്യ ഒരുക്കി നൽകിയിട്ടുണ്ട്. ടിബറ്റിൽ നിന്നും അഭയം തേടിയവരും മറ്റു ബുദ്ധമത വിശ്വാസികളുമായി ഇപ്പോൾ ഒരു ടിബറ്റൻ ഗ്രാമം തന്നെ ധർമ്മശാലയിൽ ഉണ്ട്. ദലൈലാമയുടെ ടിബറ്റിലെ യഥാർത്ഥ വസതി തലസ്ഥാനമായ ലാസയിൽ സ്ഥിതി ചെയ്യുന്ന പൊട്ടാല പാലസ് ആണ്. ഇന്ന് പൊട്ടാല പാലസ് ഒരു യുനെസ്കോ ലോകപൈതൃക സ്ഥലവും ചൈനയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നുമാണ്.
Discussion about this post