വാഷിംഗ്ടൺ : യു എസ് പ്രസിഡന്റ് കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണൾഡ് ട്രംപ്. ഗാസയുടെ കാര്യത്തിൽ വെറും വാക്കല്ല താൻ പറഞ്ഞതെന്ന് വീണ്ടും ഓർമ്മിപ്പിക്കുക ആണ് ട്രംപ്. ഗാസയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശനിയാഴ്ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ട്രംപ അറിയിച്ചു. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പല്‌സ്തീൻകാർ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്. പലസ്തീൻകാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത്പുനർനിർമിക്കാമെന്നായിരിന്നു ട്രംപ് നൽകിയ വാക്ക്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയപത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടംവിട്ട് ഗൾഫ്രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുൻപും ഇത്തരംപരാമർശങ്ങൾ നടത്തിയിരുന്നു. ഗാസയെ ‘ശുദ്ധീകരിച്ച്’ പലസ്തീൻകാരെ അയൽരാജ്യങ്ങളിലേക്ക്മാറ്റുന്ന ആശയം അദ്ദേഹം കഴിഞ്ഞമാസം പങ്കുവെച്ചിരുന്നു. ജോർദാനും ഈജിപ്തുംപലസ്തീൻകാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് അന്ന് നിർദേശിച്ചത്. പലസ്തീൻ അഭയാർഥികളെ ഏറ്റെടുത്തില്ലെങ്കിൽ സഹായം നിർത്തുമെന്ന് സഖ്യകക്ഷികളായ ഈജിപ്തിനും ജോർദാനും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെയാണ് ഡോണൾഡ് ട്രംപ് ഹമാസിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ -ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
”ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങൾ ഇത് സ്വന്തമാക്കും, അപകടകരമായ, പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നിർവീര്യമാക്കുന്ന ഉത്തരവാദിത്തം ഞങ്ങൾക്കായിരിക്കും. ഞങ്ങൾ ആ ഭാഗം ഏറ്റെടുക്കാൻ പോകുകയാണ്, ഞങ്ങൾ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഇത് മുഴുവൻ പശ്ചിമേഷ്യയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഡൊണാൾഡ് ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ തീരുമാനത്തിനെതിരെ പ്രതിഷേധസ്വരമുയർത്തി അറബ് രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു . ട്രംപിനെതിരായ കരു നീക്കങ്ങളുമായി വിവിധ അറബ് രാജ്യങ്ങൾ ചേർന്ന് അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിന് തീരുമാനമായി. ഫെബ്രുവരി 27ന് ഈജിപ്തിൽ വച്ചാണ് അടിയന്തര അറബ് ഉച്ചകോടി നടക്കുക. ഗാസ മുനമ്പിനെ ഏറ്റെടുത്ത് ഒരു കടൽത്തീര നഗരമായി പുനർനിർമിക്കും എന്നുള്ള അമേരിക്കൻ പ്രസിഡന്റിന്റെ അഭിപ്രായമാണ് അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
എന്നാൽ ട്രംപിന്റെ ഈ അഭിപ്രായത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള മധ്യ പൂർവേഷ്യൻ രാജ്യങ്ങൾ കടുത്ത എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ ഗുരുതരമായ സാഹചര്യം പരിഹരിക്കുന്നതിനായി പലസ്തീൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾക്കിടയിൽ നടന്ന വിപുലമായ ഉന്നതതല കൂടിയാലോചനകളെ തുടർന്നാണ് ഇപ്പോൾ ഈജിപ്തിൽ വച്ച് അടിയന്തര അറബ് ഉച്ചകോടി നടത്താനായി തീരുമാനിച്ചിരിക്കുന്നത്. പലസ്തീനുമായി ബന്ധപ്പെട്ട പുതിയ എല്ലാ സംഭവവികാസങ്ങളെ കുറിച്ചും അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി ആവിഷ്‌കരിക്കേണ്ട പദ്ധതികളെക്കുറിച്ചും അടിയന്തര അറബ് ഉച്ചകോടിയിൽ ചർച്ചചെയ്യണമെന്നാണ് മധ്യപൂർവേഷ്യൻ രാജ്യങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post