കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി വാണിജ്യ മന്ത്രാലയം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റ് ഭരണകൂടം നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി ഇനി വിദേശി ജീവനക്കാരെ നിയമിക്കില്ലെന്ന് തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് വാണിജ്യം മന്ത്രാലയം.
വാണിജ്യ മന്ത്രാലയത്തില്‍ മാത്രമല്ല മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ പ്രഖ്യാപിച്ചു.
പൊതുമേഖലാ ജോലികള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള വിശാലമായ ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും വാണിജ്യ മന്ത്രാലയം ഒരു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന 2017ലെ സിവില്‍ സര്‍വീസ് കമ്മീഷന്റെ 11-ാം നമ്പര്‍ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
2017 മാര്‍ച്ച് 22-ന് പുറപ്പെടുവിച്ച സ്വദേശി സ്ത്രീകളുടെ കുവൈത്ത് പൗരന്‍മാര്‍ അല്ലാത്തവർക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നമ്പര്‍ മൂന്നില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പാലിക്കും.
വാണിജ്യ മന്ത്രാലയത്തിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാ കക്ഷികളും സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഈ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post