ന്യൂഡൽഹി : വിക്കി കൗശൽ അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ ഛാവ എന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ, ചരിത്ര സംഭവങ്ങളുടെയും സാംസ്‌കാരിക പ്രാധാന്യം കൊണ്ടും ചിത്രം ശ്രദ്ധ ആകർഷിച്ചു എന്ന് മോദി പറഞ്ഞു. അടുത്തിടെ നടന്ന ഒരുപരിപാടിയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്ട്രയുടെയും മുംബൈയുടെയും പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഛാവയെക്കുറിച്ച് പരാമർശിച്ചത്.
മഹാരാഷ്ട്രയും മുംബൈയുമാണ് മറാത്തി സിനിമകൾക്കൊപ്പം ഹിന്ദി സിനിമയെയും ഉയർത്തിയതെന്നും ഈ ദിവസങ്ങളിൽ ഛാവ തരംഗമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ശിവാജി സാവന്തിന്റെ മറാത്തി നോവലിലൂടെയാണ് ഈ രൂപത്തിൽ സംഭാജി മഹാരാജാവിന്റെ വീര്യം നമുക്ക് പരിചയപ്പെടുത്തിയത്. ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ, ചരിത്ര സംഭവങ്ങളുടെയും സാംസ്‌കാരിക പ്രാധാന്യത്തിന്റെയും ചിത്രീകരണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു..
1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ‘സ്വരാജ്യ’ത്തോടുള്ള സ്നേഹത്തെയാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്. നടൻ വിക്കി കൗശലിന്റെ കരുത്തുറ്റ പ്രകടനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഔറംഗസേബ് വേഷവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം നിർമിക്കുന്നത്.
ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രം 2025ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്സ് ഓഫിസിൽ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഴ്ചകൾക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു. ആഗോള കളക്ഷനായി ചിത്രം 300 കോടി കടന്ന് ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്.
Leave a Comment