ബംഗ്ലാദേശ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Published by
Brave India Desk

ധാക്ക : ബംഗ്ലാദേശിലെ കോക്സ് ബസാറിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നടന്നത് ഭീകരാക്രമണം ആണെന്നാണ് ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് അറിയിക്കുന്നത്. കോക്സ് ബസാർ വ്യോമസേനാ താവളത്തോട് ചേർന്നുള്ള സമിറ്റി പാരയിൽ ആണ് ആക്രമണം ഉണ്ടായത്.

വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി നാട്ടുകാരെ കുടിയിറക്കുന്നതിനെച്ചൊല്ലി കോക്സ് ബസാർ പട്ടണത്തിൽ വ്യോമസേനാംഗങ്ങളും നാട്ടുകാരും തമ്മിൽ നേരത്തെ തന്നെ സംഘർഷം ഉണ്ടായിരുന്നു. റോഹിംഗ്യകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കോക്സ് ബസാർ എന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ന് നടന്ന ആക്രമണത്തിൽ പ്രദേശവാസിയായ നാസിർ ഉദ്ദീന്റെ മകൻ ഷിഹാബ് കബീർ നഹിദ് (30) ആണ് മരിച്ചത്.

നിരവധി റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇവരെ കുടിയൊഴിപ്പിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാർ ശ്രമങ്ങൾ നടത്തിവരികയാണ്. അഭയാർത്ഥി ക്യാമ്പുകളിലെ ജനങ്ങളും സൈന്യവും പോലീസും തമ്മിൽ നേരത്തെ തന്നെ ഇവിടെ സംഘർഷങ്ങൾ നിലനിന്നിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിനായി അഭയാർത്ഥി ക്യാമ്പുകൾ ഒഴിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

കഴിഞ്ഞദിവസം നടന്ന സംഘർഷത്തിൽ പ്രദേശവാസികൾ പോലീസിനും സൈന്യത്തിനും നേരെ കല്ലേറ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമാനത്താവളത്തിന് സമീപം ആക്രമണം നടന്നിരിക്കുന്നത്. സംഘർഷത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് സലാഹുദ്ദീൻ വ്യക്തമാക്കി.

Share
Leave a Comment

Recent News