ലോർഡ്‌സിൽ ഇംഗ്ലണ്ടിനോട് പരാജയപെട്ടതിന് പിന്നാലെ ഇന്ത്യ വലിയ രീതിയിൽ ഉള്ള വിമർശനമാണ് നേരിടുന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. രവീന്ദ്ര ജഡേജ, ടെയിൽ എൻഡർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോട് ചേർന്ന് പൊരുതി നോക്കിയെങ്കിലും ഇന്ത്യ 170 റൺസിന് ഓൾ ഔട്ടായി. പരാജയത്തിന് പിന്നാലെ സിറാജിനെതിരെയും ഗില്ലിനെതിരെയും രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുഹമ്മദ് കൈഫ്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ നേടി ആധിപത്യം സ്ഥാപിച്ച സമയത്ത് അപ്പോൾ ഉപയോഗിച്ചിരുന്ന പന്ത് മാറ്റി മറ്റൊന്ന് എടുക്കാനുള്ള സിറാജിന്റെ തന്ത്രം ഇന്ത്യക്ക് പണി ആയെന്നും അത് ഇംഗ്ലണ്ടിനെ റൺ സ്കോർ ചെയ്യാൻ അനുവദിച്ചു എന്നും കൈഫ് പറഞ്ഞു. ഇംഗ്ലണ്ട് സ്കോർ 271 – 7 എന്ന അവസ്ഥയിൽ നിന്നാണ് 387 റൺ വരെ പോയത് എന്നത് ശ്രദ്ധിക്കണം. ജാമി സ്മിത്തും ബ്രൈഡൺ കാർസും വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്തു മുന്നേറിയെന്നിന് പന്ത് മാറ്റിയത് ആണ് ഇതിന് സഹായിച്ചതെന്നും കൈഫ് പറഞ്ഞു. അനാവശ്യമായ ഈ നീക്കത്തിന് ശേഷം എട്ടാം വിക്കറ്റിൽ ഇരുവരും 84 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു.
“സിറാജ് എപ്പോഴും വികാരഭരിതനാണ്, അതിനാൽ അദ്ദേഹത്തിന്റെ വാക്ക് കേട്ടിട്ട് പന്ത് മാറ്റിയത് ഒരു തെറ്റായിരുന്നു എന്ന് ഞാൻ കരുതുന്നു. പന്ത് മാറ്റിയപ്പോൾ അത് ഇംഗ്ലണ്ടിന് ഗുണം ചെയ്തു.” ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രാളിയോടുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നടത്തിയ ആക്രമണാത്മക ആംഗ്യം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായി എന്ന് അദ്ദേഹം പറഞ്ഞു. “മൂന്നാം ദിവസം ക്രാളി പുറത്തായില്ലെങ്കിൽ, അടുത്ത ദിവസം അദ്ദേഹത്തെ പുറത്താക്കാമായിരുന്നു. അദ്ദേഹം നല്ല ഫോമിലായിരുന്നോ? അവിടെ ഇന്ത്യക്ക് പിഴച്ചു. ഗിൽ ദേഷ്യപ്പെട്ട് സിറാജുമൊത്ത് ഓപ്പണാർക്ക് നേരെ തിരിഞ്ഞു. നിങ്ങൾക്ക് ആക്രമണോത്സുകത കാണിക്കാം, പക്ഷേ നിങ്ങൾ അത് ശരിയായ സമയത്ത് ചെയ്യേണ്ടതുണ്ട്. ഗില്ലും കൂട്ടരും ശരിയായ സമയം തിരഞ്ഞെടുത്തില്ല.”
അഞ്ചാം ദിവസം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും പേസർ ജോഫ്ര ആർച്ചറും ബുംറയെ പുറത്താക്കുക മാത്രമല്ല, പരിക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം ബുംറയെ ലക്ഷ്യം വച്ചുള്ള പരമ്പര ബൗൺസറുകൾ എറിഞ്ഞുവെന്നും കൈഫ് അഭിപ്രായപ്പെട്ടു.
“സ്റ്റോക്‌സും ആർച്ചറും ബുംറയ്‌ക്കെതിരെ ബൗൺസറുകൾ എറിയാൻ പദ്ധതിയിട്ടു. അദ്ദേഹം പുറത്തായില്ലെങ്കിൽ, അദ്ദേഹത്തിന്റെ വിരലിലോ തോളിലോ എറിയുക എന്നതായിരുന്നു ലക്ഷ്യം. പ്രധാന ബൗളറെ പരിക്കേൽപ്പിക്കുക എന്ന ആശയം ഇംഗ്ലണ്ട് താരങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു, കാരണം അദ്ദേഹം പുറത്താകാൻ പ്രയാസമാണ് എന്നത് ബാറ്റിംഗ് കാണുമ്പോൾ നമുക്ക് തോന്നിയിരുന്നു.” കൈഫ് പറഞ്ഞു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-2 ന് പിന്നിലാണ്, നാലും അഞ്ചും മത്സരങ്ങൾ മാഞ്ചസ്റ്ററിലും ലണ്ടനിലും (ഓവൽ) ആയിട്ടാകും നടക്കുക.
Discussion about this post