ഭോപ്പാൽ : മധ്യപ്രദേശിൽ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം മധ്യപ്രദേശിൽ നടത്തുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഭോപ്പാലിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു അദാനി ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം.
പമ്പ് സംഭരണം, സിമൻറ്, ഖനനം, സ്മാർട്ട് മീറ്ററുകൾ, താപ ഊർജ്ജം എന്നിവയിലായിരിക്കും ഈ നിക്ഷേപം നടത്തുക. ഈ നിക്ഷേപങ്ങളിലൂടെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഗ്രീൻഫീൽഡ് സ്മാർട്ട് സിറ്റി, വിമാനത്താവള പദ്ധതി, കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്ന കൽക്കരി ഗ്യാസിഫിക്കേഷൻ പദ്ധതി എന്നിവയ്ക്കുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ഭോപ്പാലിൽ നടന്ന മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഗൗതം അദാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെയും നേതൃത്വത്തിൽ മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമായി മാറിയെന്നും ഉച്ചകോടിക്കിടെ അദാനി വ്യക്തമാക്കി.തന്റെ തുറമുഖ-ഊർജ്ജ കമ്പനി സംസ്ഥാനത്ത് ഇതിനകം തന്നെ 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദാനി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം ആണ് ഇന്ത്യയെ പുനർ നിർമ്മിച്ചത് എന്ന് ഗൗതം അദാനി അഭിപ്രായപ്പെട്ടു. ഒരുകാലത്ത് ആഗോള പ്രവണതകളെ പിന്തുടർന്നിരുന്ന ഒരു രാഷ്ട്രത്തിൽ നിന്ന് മാറി ഇപ്പോൾ ആഗോള പ്രവണതകൾ സൃഷ്ടിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറി. ഇന്ത്യയുടെ ആത്മവിശ്വാസം ഇത്രയും ഉയർന്ന നിലവാരത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ആഗോളതലത്തിൽ നമ്മുടെ രാഷ്ട്രം ഇത്രയും ബഹുമാനം മുൻപൊന്നും നേടിയിട്ടില്ല. ഒരു രാജ്യം സ്വയം വിശ്വസിക്കുമ്പോൾ, ലോകവും അതിൽ വിശ്വസിക്കുന്നു എന്നും ഗൗതം അദാനി വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് മധ്യപ്രദേശിൽ ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണം, ലോജിസ്റ്റിക്സ്, കാർഷിക ബിസിനസ്സ് എന്നിവയിലായി ഇതിനകം 50,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇത് 25,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിക്ഷേപങ്ങളിലൂടെ 2030 ആകുമ്പോഴേക്കും 1.20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാകും.
Leave a Comment