കോട്ടയം : ഗില്ലിൻ-ബാരെ സിൻഡ്രോം മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത് കേരളം. ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിയായ 58 വയസ്സുകാരനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മൂവാറ്റുപുഴ കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്.
കഴിഞ്ഞ 28 ദിവസമായി ജോയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണകാരണം ജിബിഎസ് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. രോഗപ്രതിരോധ സംവിധാനം പെരിഫറൽ നാഡികളെ ആക്രമിക്കുന്ന ഒരു അപൂർവ ഓട്ടോഇമ്മ്യൂൺ അവസ്ഥയാണ് ജിബിഎസ്. മിക്ക കേസുകളിലും ജലമലിനീകരണം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നീട് കർണാടകയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽ 10 വയസ്സുകാരനായ കുട്ടി ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് മരിച്ചിരുന്നു.
ഇന്ത്യയിൽ ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 14 പേരാണ് ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് മരിച്ചിട്ടുള്ളത്.
ജിബിഎസിന്റെ ലക്ഷണങ്ങളിൽ പലപ്പോഴും കാലുകളിൽ തുടങ്ങുന്ന ഇക്കിളി, മരവിപ്പ്, പേശി ബലഹീനത, വേദന, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നു. സാധാരണയായി മലിനമായ ജലത്തിൽ നിന്നോ ശുചിത്വം ഇല്ലായ്മയിൽ നിന്നോ ശരീരത്തിൽ ബാധിക്കുന്ന വൈറസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധയെ തുടർന്നാണ് അസുഖബാധ ഉണ്ടാവുന്നത്.
Leave a Comment