തിരുവനന്തപുരം: മൊബൈൽ ഇന്റർനെറ്റുകളുടെയും കോളുകളുടെയും സേവന രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടെക്‌നോളജി സംവിധാനത്തോടെയുള്ള ടവറുകൾ സ്ഥാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഇതോടെ, ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റിന്റെയും കോളുകളുടെയും വേഗതയും കാര്യക്ഷമതയും കൂടിയിരിക്കുകയാണ്.
ബിഎസ്എൻഎൽ പുതിയതായി സ്ഥാപിച്ച ഈ ടവറുകളുടെ മേഖലയിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റും കോളുകളും ലഭ്യമാകും. ഇത്തരത്തിൽ രാജ്യത്താകെ ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കുകയാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഇതുവരെ 65000 ടവറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിൽ ഇനിയും ടവറുകൾ വരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.
ഈ വർഷം ജൂണോടെ, 4ജി ടവറുകളുടെ വിന്യാസം പൂർത്തിയാക്കുകയും ജൂണിന് ശേഷം, 5ജി ടവറുകളാക്കി രൂപമാറ്റത്തിനുള്ള നടപടികൾ തുടങ്ങുകയും ചെയ്യും. കൂടുതൽ ടവറുകൾ വരുന്നതോടെ, ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്ക് കുറവ്, നെറ്റ് സ്പീഡ് കുറവ് എന്നിങ്ങനെയുള്ള പരാതികൾ ഇല്ലാതാകും. ഹൈ സ്പീഡ് നെറ്റ്, നെറ്റ്‌വർക്കിന്റെ ലഭ്യത എന്നിവയോടൊപ്പം സാധാരണക്കാരന് പോലും താങ്ങാവുന്ന തരത്തിലുള്ള പാക്കേജുകളും ഉള്ളതുകൊണ്ട് തന്നെ പലരും മറ്റ് കണക്ഷനുകളിൽ നിന്നും ബിഎസ്എൻഎല്ലിലേക്ക് മാറുന്ന പ്രവണത കൂടി വരുായാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തന്നെ പലരും ബിഎസ്എൻഎൽ സെക്കന്ററി കണക്ഷനായി തിരഞ്ഞെടുത്ത് കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Leave a Comment