ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും പ്രധാന അടയാളമാണ് നെറ്റിയിലെ തിലകം. ഭാരതീയ ഹിന്ദുവിനെ ആഗോളതലത്തിൽ തന്നെ സവിശേഷരാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും നെറ്റിയിലണിയുന്ന ഈ തിലകമാണ്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക, ആത്മീയ പൈതൃകം ആണ് തിലകത്തിലൂടെ ദൃശ്യമാകുന്നത്. വെറുമൊരു കുറിയോ പൊട്ടോ മാത്രമല്ല തിലകം, സവിശേഷമായ പോസിറ്റീവ് ഫലങ്ങളാണ് നെറ്റിയിൽ തിലകം അണിയുന്നതിലൂടെ ലഭിക്കുന്നത്. ഒരുകാലത്ത് നെറ്റിയിലെ തിലകം നോക്കി ഹൈന്ദവരിൽ ഏത് ആത്മീയവശം പിന്തുടരുന്നവരാണ് എന്ന് പോലും മനസ്സിലാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് ആത്മീയ വശങ്ങൾ അടിസ്ഥാനമാക്കാതെ തന്നെ പല രീതിയിലുള്ള തിലകങ്ങളും നമ്മൾ അണിയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഓരോ തിലകത്തിനും വ്യത്യസ്ത പ്രാധാന്യമാണ് ഭാരതീയ പൈതൃകത്തിൽ ഉള്ളത്.
ചന്ദനം, കുങ്കുമം, ഭസ്മം, മഞ്ഞൾ എന്നിങ്ങനെ വിവിധ ഇനത്തിൽപ്പെട്ട തിലകങ്ങൾ ഉണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം തിലകം തൃക്കണ്ണിനെയും ആജ്ഞാ ചക്രത്തെയും പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ശരീരത്തിനും മനസ്സിനും പോസിറ്റീവ് ഊർജ്ജം പകരുന്നതിൽ തിലകത്തിന് ഏറെ പ്രാധാന്യമുണ്ട്. തിലകം ശരീരത്തിന് ഒരു പ്രഭാവലയം നൽകുമെന്നും അത് നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷണം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു. ആജ്ഞ ചക്രത്തിൽ തിലകം ധരിക്കുമ്പോൾ അത് ശരീരത്തിന്റെ ഊർജ്ജകേന്ദ്രത്തെ സജീവമാക്കി നിലനിർത്തും എന്നാണ് ഹൈന്ദവ വിശ്വാസം. ഏകാഗ്രതയും ശ്രദ്ധയും നിലനിർത്താൻ നെറ്റിയിൽ തിലകം അണിയുന്നത് സഹായിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
യോഗ ഗ്രന്ഥങ്ങൾ അനുസരിച്ച്, ശരീരത്തിന്റെ മധ്യഭാഗത്ത് പ്രവർത്തിക്കുന്ന ഏഴ് പ്രധാന ചക്രങ്ങൾ ഉണ്ട്. സൂക്ഷ്മ കേന്ദ്രീകൃത ഊർജ്ജത്തിന്റെ ഭാഗമായാണ് ഇവ കണക്കാക്കപ്പെടുന്നത്. അവ ഓരോന്നും ഒരു വ്യക്തിയുടെ ശാരീരിക, വൈകാരിക, മാനസിക ഘടനയുടെ ചില വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള ആജ്ഞാചക്രം നെറ്റിയിൽ ഇരു പുരികങ്ങളുടെയും മധ്യത്തിൽ ആയാണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥാനത്താണ് തിലകം ധരിക്കേണ്ടത്.
വ്യത്യസ്ത തിലകങ്ങൾ വ്യത്യസ്ത ദേവതകളുമായും വിഭാഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. അവയ്ക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള പ്രധാന തിലകങ്ങൾ ഇവയാണ്,
കൃഷ്ണ തിലകം :
പരമ്പരാഗത കാലം മുതൽ കൃഷ്ണ ഭക്തർ അണിഞ്ഞുവരുന്ന ഗോപിചന്ദനതിലകം ആണ് കൃഷ്ണ തിലകം എന്നറിയപ്പെടുന്നത്. ഭഗവാൻ കൃഷ്ണന്റെ പാദമുദ്ര ആയാണ് കൃഷ്ണതിലകം അറിയപ്പെടുന്നത്. ദ്വാരകയിലെ ഒരു പ്രത്യേക തടാകത്തിൽ നിന്ന് ലഭിക്കുന്ന പവിത്രമായ ഗോപിചന്ദന മണ്ണിൽ നിന്നാണ് ഈ തിലകം നിർമ്മിക്കുന്നത്. ശ്രീകൃഷ്ണന്റെ പാദങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ‘U’ ആകൃതിയിലാണ് ഈ തിലകം നെറ്റിയിൽ അണിയുന്നത്. ചിലപ്പോൾ ഈ തിലകത്തിന്റെ മധ്യത്തിൽ തുളസിയിലയുടെ ഒരു അടയാളവും ഉണ്ടാകാറുണ്ട്. ഭഗവാൻ കൃഷ്ണനോടുള്ള അചഞ്ചലമായ ഭക്തിയുടെ പ്രതീകമാണ് ഗോപിചന്ദനതിലകം.
ശിവതിലകം :
പരമ്പരാഗതമായി ഭാരതത്തിൽ ശിവഭക്തരോ ശൈവ വിഭാഗത്തിൽ പെട്ടവരോ അണിഞ്ഞു വരുന്ന തിലകമാണ് ഭസ്മം കൊണ്ടുള്ള ശിവതിലകം. പുണ്യകരമായ വെളുത്ത ഭസ്മമായ വിഭൂതിയുടെ മൂന്ന് തിരശ്ചീന രേഖകൾ നെറ്റിയിൽ അടയാളപ്പെടുത്തുന്നതാണ് ശിവതിലകം. ത്രിപുന്ദ്രം എന്നും ഇത് അറിയപ്പെടാറുണ്ട്. ശിവന്റെ ഇച്ഛാശക്തി, അറിവ്, പ്രവൃത്തി എന്നീ മൂന്ന് ശക്തികളെ പ്രതിനിധീകരിക്കുന്നതാണ് ഈ തിലകം. സൃഷ്ടിയുടെയും ഊർജ്ജസ്വലതയുടെയും പ്രതീകമായ ശക്തിയെ അടയാളപ്പെടുത്തുന്നതിനായി ശിവ തിലകത്തിന്റെ മധ്യത്തിൽ കുങ്കുമം ധരിക്കുകയും ചെയ്യാറുണ്ട്. ശിവന്റെയും ശക്തിയുടെയും ഊർജ്ജമാണ് ത്രിപുന്ദ്രം ധരിക്കുന്നവർക്ക് സായത്തമാകുന്നത്. ശിവ തിലകത്തിന്റെ ആദ്യ വരി അജ്ഞതയുടെയും അഹങ്കാരത്തിന്റെയും നാശത്തെ ആണ് പ്രതിനിധീകരിക്കുന്നത്.
രണ്ടാമത്തെ വരി മിഥ്യാധാരണയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്. മൂന്നാമത്തെ വരി ജ്ഞാനോദയവും ആത്മീയ അവബോധവും ആണ് അടയാളപ്പെടുത്തുന്നത്. ജീവിതം താൽക്കാലികമാണെന്നും ഭൗതിക സുഖങ്ങളെക്കാൾ ആത്മാവിന്റെ ശുദ്ധീകരണത്തിലാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ആണ് ശിവതിലകം സൂചിപ്പിക്കുന്നത്.
വിഷ്ണു തിലകം :
ഹൈന്ദവ വിശ്വാസപ്രകാരമുള്ള മറ്റൊരു പ്രധാന തിലകമാണ് വിഷ്ണു തിലകം. പരമ്പരാഗതമായി ഭാരതത്തിലെ വൈഷ്ണവജനത അണിഞ്ഞു വരുന്ന വിഷ്ണുതിലകം ഊർധ്വപുന്ദ്രം എന്നും അറിയപ്പെടുന്നു. ചന്ദനമോ കളഭമോ ഉപയോഗിച്ചാണ് വിഷ്ണു തിലകം ധരിക്കുന്നത്. കൃഷ്ണ തിലകത്തിന് സമാനമായി രണ്ടു നേർരേഖകൾ യോജിപ്പിച്ചുകൊണ്ട് വിഷ്ണുപാദത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ തിലകം ധരിക്കുക. ഇതോടൊപ്പം ലക്ഷ്മിദേവിയെ അനുസ്മരിക്കുന്നതിനായി വിഷ്ണു തിലകത്തിന് നടുവിലായി മഞ്ഞയോ ചുവപ്പോ നിറത്തിൽ മറ്റൊരു നേർരേഖയും ഉണ്ടാകും. മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഭഗവാൻ ഭക്തർക്ക് നൽകുന്ന ശാശ്വത സംരക്ഷണം ആണ് വിഷ്ണു തിലകം പ്രതിനിധീകരിക്കുന്നത്.
ബിന്ദു തിലക് :
നെറ്റിയിൽ പുരികത്തിന് ഇടയിലായുള്ള ആജ്ഞാ ചക്രത്തിൽ ഒരു ബിന്ദുവിന് സമാനമായി വൃത്താകൃതിയിൽ തൊടുന്ന തിലകമാണ് ബിന്ദു തിലക്. വൈഷ്ണവ ഭക്തർ ഇത് ചന്ദനമോ കളഭമോ കൊണ്ടും ശിവ ഭക്തർ ഭസ്മം കൊണ്ടും, ദേവി ഭക്തരും സ്ത്രീകളും കുങ്കുമം കൊണ്ടും ആണ് ബിന്ദു തിലക് ധരിക്കാറുള്ളത്.
സ്വസ്തിക് തിലക് :
ഉത്സവങ്ങളിലോ ആചാരങ്ങളിലോ വരയ്ക്കുന്ന സ്വസ്തിക് തിലകം ഭാഗ്യത്തെയും പ്രപഞ്ച സന്തുലിതാവസ്ഥയെയും പ്രതിനിധീകരിക്കുന്നു. ഇത് ശുഭകരമായ തുടക്കങ്ങളുടെയും പരസ്പര ഐക്യത്തിന്റെയും സൂചനയായാണ് ധരിക്കുന്നത്.
ഇവ കൂടാതെ പ്രാദേശികരീതികൾ അനുസരിച്ച് രുദ്ര തിലക്, ശ്രീ തിലക്, ബ്രഹ്മ തിലക് എന്നിങ്ങനെയുള്ള തിലകങ്ങളും ഹൈന്ദവർ ധരിച്ചു വരാറുണ്ട്. ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത പ്രാദേശിക രീതികൾ അനുസരിച്ച് തിലകം ധരിക്കാറുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ തന്നെ വ്യത്യസ്തമായ രീതിയിലുള്ള ചില തിലകങ്ങൾ കണ്ടുവരുന്നുണ്ട്. നാഗദേവതകളെ ആരാധിക്കുന്നവർ മഞ്ഞൾ കൊണ്ടുള്ള തിലകം ചാർത്തുന്നതും ശാസ്താവിനെയും ശനിദേവനെയും പൂജിക്കുമ്പോൾ എള്ള് കത്തിച്ച കരിയിൽ നിന്നുള്ള കറുത്ത തിലകം ചാർത്തുന്നതും കേരളത്തിൽ കണ്ടുവരുന്ന പാരമ്പര്യമാണ്. ഏതു രീതിയിലായാലും തിലകം ധരിക്കുന്നത് ആജ്ഞാചക്രത്തെ ഉണർത്തുകയും ഊർജ്ജത്തെ സജീവമായി ദിവസം മുഴുവൻ നിലനിർത്താൻ സഹായിക്കുകയും ചെയ്യും എന്നാണ് ഹൈന്ദവ വിശ്വാസം.
Discussion about this post