യുദ്ധങ്ങൾ ലോകത്തിന് പുതുമയല്ല, ലോകത്ത് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകും. അക്രമിയും ഇരയുമാണ് യുദ്ധത്തിന്റെ ഉത്പന്നങ്ങൾ. ഈ 21ം നൂറ്റാണ്ടിൽ ലോകം സാക്ഷിയാകുന്നത് യുക്രെയ്ൻ- റഷ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനാണ്. ഇരുരാജ്യങ്ങൾ മാത്രം ഉൾപ്പെട്ടിരുന്ന, ഇരു രാജ്യങ്ങളെ മാത്രം ബാധിച്ചിരുന്ന യുദ്ധം ഇന്ന് പുതിയ ലോകക്രമം സൃഷ്ടിക്കാനൊരുങ്ങുകയാണെന്ന് അനുമാനിക്കാം.
അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നാണ് എല്ലാറ്റിന്റെയും ആരംഭം. യുദ്ധം പരിഹരിക്കാനായി നടത്തിയ കൂടിക്കാഴ്ച വലിയൊരു വാക്‌പോരിലേക്ക് വഴിമാറുകയും, അലസി പിരിയുകയും ചെയ്തു. ഇതിന് പിന്നാലെ സെലൻസ്‌കിയെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് വന്നത് ഏഴരപ്പതിറ്റാണ്ട് തുടർന്ന വ്യവസ്ഥകളിലെ മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷമാണ് ആഗോളക്രമം നിയന്ത്രിക്കുന്ന ശക്തിയായി അമേരിക്ക മാറിയത്. എന്നിട്ടും എന്തിനാണ് ഡൊണാൾഡ് ട്രംപ് നിലവിലെ ലോക ക്രമത്തിൽ മാറ്റത്തിന് ശ്രമിക്കുന്നത്. നയതന്ത്രത്തിലും വിദേശ നയത്തിലും ലോകം മറ്റൊരു യുഗത്തിലേക്കാണ് ചുവടുവയ്ക്കുന്നത് എന്നാണ് ഇതിനോട് ബ്രിട്ടന്റെ മുൻ രഹസ്യാന്വേഷണ വിഭാഗം തലവൻ അലക്‌സ് യംഗർ പ്രതികരിക്കുന്നത്. ശക്തരായ രാജ്യങ്ങൾ ലോകത്തിന്മേലുള്ള അവരുടെ മേൽക്കോയ്മയ്ക്കായി നയങ്ങൾ മാറ്റുന്നു. വ്‌ളാഡിമിർ പുടിനും, ഷീ ജിൻ പിംഗും, ഡൊണാൾഡ് ട്രംപ് ഇതിന് വേണ്ടി ശ്രമിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
പ്രസിഡന്റ് ആകുന്നതിന് മുൻപ് അമേരിക്കയിലെ പ്രമുഖ ബിസിനസുകാരൻ ആയിരുന്നു ഡൊണാൾഡ് ട്രംപ്. അതുകൊണ്ടാണ് അമേരിക്കയെ ഒന്നാമതെത്തിക്കാൻ വ്യാപാരത്തിൽ തന്നെ അദ്ദേഹം പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയെ ആശ്രയിച്ചുകഴിയുന്ന യൂറോപ്യൻ രാജ്യങ്ങളെ ആയിരുന്നു.
റഷ്യയ്‌ക്കെതിരെ പോരാടാൻ യുക്രെയ്‌ന് അമേരിക്ക ഒറ്റയ്ക്ക് നൽകിയത് 350 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ തത്സ്ഥാനത്ത് യൂറോപ്യൻ രാജ്യങ്ങൾ എല്ലാവരും ചേർന്ന് നൽകിയത് 100 ബില്യൺ ഡോളർ. വ്യാപാരത്തിൽ യൂറോപ്പ് വലിയ ദുരന്തമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഇതേ തുടർന്നാണ് ചുങ്കത്തിൽ മാറ്റം കൊണ്ടുവന്നത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ രണ്ട് തരത്തിലുള്ള വിദേശ നയങ്ങളാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഒന്ന് ബൈഡൻ സർക്കാരിന്റെ കാലത്ത് തുടർന്നിരുന്ന എല്ലാ തീരുമാനങ്ങളും തിരുത്തി, മുൻ സർക്കാർ ഒരു പരാജയം ആണെന്ന് തെളിയികുക്ക. രണ്ട് അമേരിക്കയെ ഒന്നാമതാക്കാൻ പുതിയ പങ്കാളികളെ കൂട്ടുപിടിക്കുക. അങ്ങനെ രണ്ടാംലോക മഹായുദ്ധകാലം മുതൽ തുടർന്ന ലോകക്രമം വ്യാപാരത്തിന് പ്രാധാന്യം നൽകി കൊണ്ട് മാറ്റുകയാണ് ട്രംപിന്റെ തന്ത്രം.
ഉരുളയ്ക്ക് ഉപ്പേരി നൽകുന്ന ലോകനേതാവാണ് ട്രംപ്. വേണ്ടസമയത്തെല്ലാം ശക്തമായ തിരിച്ചടി മറ്റുള്ളവർക്ക് അദ്ദേഹം നൽകിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ലോകത്തിന് മുൻപിൽ സമാധാനകാംഷി ആകാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. പ്രശ്‌നപരിഹാരത്തിനായി സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച ഇതിന് ഉദാഹരണമാണ്. എന്നാൽ ഇതേ സമയം തന്നെ റഷ്യയ്‌ക്കൊപ്പമാണ് തങ്ങൾ എന്നും അമേരിക്ക ആഹ്വാനം ചെയ്യുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ സ്വീകരിച്ച നിലപാട് ഇത് കുറച്ചുകൂടി വ്യക്തമാക്കുന്നു. സാമ്പത്തികം തന്നെയാണ് അമേരിക്കയുടെ ഈ ചുവടുമാറ്റത്തിന് പിന്നിൽ എന്ന് വേണം വിലയിരുത്താൻ.
നാറ്റോയിലെ അംഗത്വത്തെക്കുറിച്ച് ട്രംപ് പുനരാലോചിച്ച് തുടങ്ങി എന്ന് വേണം ഈ സാഹചര്യത്തിൽ കരുതാൻ. നാറ്റോയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന രാജ്യം അമേരിക്കയാണ്. നിരവധി തവണ ഫണ്ടിംഗ് വർദ്ധിപ്പിക്കണം എന്ന് അമേരിക്ക യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിൽ നിലവിലെ ലോകക്രമം അമേരിക്കയ്ക്ക് ബുദ്ധിമുട്ടാണെന്ന തരത്തിൽ ട്രംപ് ചിന്തിച്ചുതുടങ്ങി എന്ന് വേണം പറയാൻ.
യൂറോപ്യൻ രാജ്യങ്ങളുമായി മാത്രമല്ല, അയൽക്കാരായ മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെയും ട്രംപിന്റെ രണ്ടാംവരവ് ഉലച്ചിട്ടുണ്ട്. കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനം ആക്കാനും, മെക്‌സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യാനും ട്രംപ് ആഗ്രഹിച്ചത് സാഹചര്യം ഗുരുതരമാക്കി. ഇവരിപ്പോൾ യൂറോപ്യൻ രാജ്യങ്ങളെയാണ് സ്വയരക്ഷയ്ക്കായി ആശ്രയിച്ചിരിക്കുന്നത്.
ട്രംപിന്റെ നടപടികളിൽ അതൃപ്തരായിരുന്ന യൂറോപ്യൻ രാജ്യങ്ങൾ, സെലൻസ്‌കിയുമായുള്ള തർക്കത്തിന് പിന്നാലെ അമേരിക്കയുമായി പുതിയ പോർമുഖം തുറന്നിരിക്കുകയാണെന്ന് വേണം കരുതാൻ. സെലൻസ്‌കിയെ സ്‌നേഹം ചുംബനം നൽകി ബ്രിട്ടൺ പ്രസിഡന്റ് കെയ്ർ സറ്റാർമർ വരവേറ്റത് ഇതിനുള്ള ആദ്യ സൂചനയാണ്. ഇതിന് പിന്നാലെ യുക്രെയ്‌നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗവും അദ്ദേഹം വിളിച്ച് ചേർത്തു. ബ്രിട്ടന് സമാനമായ രീതിയിൽ പോളണ്ടും, യൂറോപ്യൻ യൂണിയൻ അടക്കമുള്ള രാജ്യങ്ങളും യുക്രെയ്‌നെ പിന്തുണച്ച് എത്തിയിട്ടുണ്ട്.
ഇനി അമേരിക്കയ്‌ക്കെതിരെ പോരാടാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം എങ്കിൽ ആരാണ് മുൻപിൽ നിന്ന് നയിക്കുക?. നിലവിലെ സാഹചര്യത്തിൽ അമേരിക്കയ്‌ക്കെതിരെ അണിനിരക്കുന്ന രാജ്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള സാമ്പത്തിക ശേഷി ആർക്കും ഇല്ലെന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ സൂപ്പർ പവറായ അമേരിക്കയെ നേരിടാൻ ഏത് തന്ത്രമാണ് യൂറോപ്യൻ രാജ്യങ്ങൾ പയറ്റുക എന്നത് കാത്തിരുന്ന് കാണണം.
Discussion about this post