ന്യൂഡൽഹി : കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വീണ്ടും മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ന്യൂഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച രാംനാഥ് ഗോയങ്കെ അനുസ്മരണ പരിപാടിയിൽ വച്ച് പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തതിനുശേഷമാണ് ശശി തരൂർ വീണ്ടും മോദിയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. മോദി രാംനാഥ് ഗോയങ്കയെ കുറിച്ച് നടത്തിയ പ്രഭാഷണത്തെ, സാമ്പത്തിക ദർശനത്തിന്റെയും സാംസ്കാരിക ദൗത്യത്തിന്റെയും സംയോജിത സന്ദേശമായാണ് ശശി തരൂർ വിശേഷിപ്പിച്ചത്.
ഇന്ത്യ ഇപ്പോൾ ഒരു ‘വളർന്നുവരുന്ന വിപണി’ മാത്രമല്ല, ലോകത്തിന് ഒരു ‘വളർന്നുവരുന്ന മാതൃക’യാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിന് ഒരു സാമ്പത്തിക ദർശനവും സാംസ്കാരിക ദൗത്യവും അവതരിപ്പിച്ചുവെന്ന് തരൂർ പറഞ്ഞു. ദ്രുതഗതിയിലുള്ള വളർച്ചയുടെയും പുതിയ ചിന്തകളുടെയും ഈ സമയത്ത് പൈതൃകത്തിന്റെയും അഭിമാനത്തിന്റെയും ദിശ ഇന്ത്യയ്ക്ക് ആവശ്യമുള്ള സമയത്താണ് പ്രധാനമന്ത്രി ഈ സന്ദേശം നൽകിയതെന്നും ശശി തരൂർ വ്യക്തമാക്കി.
മുൻകാല കൊളോണിയൽ മാനസികാവസ്ഥ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായും തരൂർ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന പാരമ്പര്യങ്ങൾ എന്നിവയിൽ അഭിമാനം പുനഃസ്ഥാപിക്കുന്നതിനായി 10 വർഷത്തെ ദേശീയ ദൗത്യത്തിന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. ദ്രുതഗതിയിലുള്ള വികസനത്തോടൊപ്പം സാംസ്കാരിക ആത്മവിശ്വാസത്തിലേക്കും രാജ്യം ഇപ്പോൾ നീങ്ങുകയാണെന്ന് ശശി തരൂർ പ്രശംസിച്ചു.









Discussion about this post