നമ്മുടെ പ്രധാനമന്ത്രി എത്ര സമർത്ഥവും ബുദ്ധിപരവുമായാണ് ആ ചരിത്രപരമായ നീക്കം നടത്തിയത്. ആർട്ടിക്കിൾ 370 ഉമായി ബന്ധപ്പെട്ട രേഖകൾ കയ്യിലെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വിറയ്ക്കുകയായിരുന്നു. ഒരാളുടെ പോലും രക്തം ചൊരിയാതെ അത് നീക്കം ചെയ്തത് ഓർക്കുമ്പോൾ തന്നെ രോമാഞ്ചമാണ്.. പ്രശസ്ത നടിയും മലയാളിയുമായ പ്രിയാമണി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്..
ആർട്ടിക്കിൾ 370 എന്ന ചരിത്രപരാായ തെറ്റ് ഭരണഘടനയിൽ നിന്ന് എടുത്ത് മാറ്റിയത് ഇന്ത്യൻ ഭരണഘടനാചരിത്രത്തിൻ്റെ പാതയിലെ ഒരു നാഴികക്കല്ലാണ്. കാശ്മീർ താഴ്വരയിൽ കൊടിയ രക്തച്ചൊരിച്ചിലിനു കാരണമായേക്കാം എന്നത് കൊണ്ട് മാത്രം തീവ്രവാദഭീഷണിയിൽ മുട്ടുമടക്കി ആർട്ടിക്കിൽ 370ൽ തൊടാൻ മടിച്ചിരുന്നു മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ. എന്നാൽ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നരേന്ദ്രമോദി സർക്കാർ ആർട്ടിക്കിൾ 370 എടുത്ത് ചവറ്റുകൊട്ടയിലിട്ടു. കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിച്ച സകലരും പത്തിയും താഴ്ത്തി അവരവരുടെ മാളങ്ങളിലേക്ക് മടങ്ങി.
ഈ സംഭവങ്ങളെ കോർത്തിണക്കിയാണ് ആർട്ടിക്കിൾ 370 എന്ന സിനിമ നിർമ്മിച്ചത്. പ്രീയാമണിയായിരുന്നു ഈ സിനിമയിലെ നായിക.
“സാധാരണയായി ഇത്തരം തീരുമാനങ്ങൾ സംഭവിക്കുമ്പോൾ അനേകം ജീവനുകൾ നഷ്ടപ്പെടും. പക്ഷേ നോക്കൂ, ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയപ്പോൾ ഒരു ജീവൻ പോലും നഷ്ടപ്പെട്ടില്ല, എന്തിന് ഒരു തുള്ളി രക്തം പോലും ഈ മണ്ണിൽ വീണില്ല. അത്ര സമർത്ഥവും ബുദ്ധിപരവുമായാണ് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഈ ചരിത്രപരമായ നീക്കം നടത്തിയത്. 370 യുമായി ബന്ധപ്പെട്ട രേഖകൾ കയ്യിലെടുത്തപ്പോൾ അക്ഷരാർത്ഥത്തിൽ എന്റെ കൈകൾ വിറയ്ക്കുകയായിരുന്നു. എന്തിനാണ് അത് നീക്കം ചെയ്തത്, എങ്ങനെയാണ് അവർ അതിന് വേണ്ടി പ്രവർത്തിച്ചത്, എങ്ങനെയാണ് അവർ ആർട്ടിക്കിൾ 370 എന്ന തെറ്റ് തിരുത്തുന്നതിൽ മുന്നോട്ട് പോയത് എന്നതെല്ലാം അവിസ്മരണീയമായ സംഭവങ്ങളാണ്. അതോർക്കുമ്പോൾ തന്നെ രോമാഞ്ചമാണ്!“ എന്നാണ് പ്രിയാമണി പറഞ്ഞത്.
തന്റെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് അഭിമുഖത്തിനെത്തിയ താരത്തോട് ആർട്ടിക്കിൾ 370 എന്ന സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആരാഞ്ഞപ്പോഴായിരുന്നു ഇങ്ങനെയൊരു പ്രതികരണം.
കഴിഞ്ഞവർഷം ഫെബ്രുവരി 23 നായിരുന്നു ആർട്ടിക്കിൾ 370 പ്രദർശനത്തിനെത്തിയത്. ആദിത്യ സുഹാസ് ജംഭാലെയുടെ സംവിധാനത്തിൽ യാമി ഗൗതവും പ്രിയാമണിയുമാണ് പ്രധാനവേഷത്തിലെത്തിയത്. യാമി ഇന്റലിജൻസ് ഓഫീസറായും പ്രിയാമണി പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയുമായിട്ടായിരുന്നു വേഷമിട്ടത്. ആദ്യ ദിവസം തന്നെ എട്ട് കോടി രൂപ ബോക്‌സോഫീസിൽ നിന്നും നേടിയ ചിത്രം നൂറ് ദിനമെന്ന സുവർണനേട്ടവും സ്വന്തമാക്കിയിരുന്നു.
ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴും ഇന്നലെയെന്ന പോലെയാണ് ആ അനുഭവങ്ങളെ കുറിച്ച് പ്രിയാമണി പറയുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഉത്തരവിൻ്റെ കോപ്പികൾ കണ്ടപ്പോൾ എന്റെ കൈ വിറച്ചു. ആ രേഖകൾ കണ്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര സമർത്ഥമായിട്ടാണ് അത് ചെയ്തത് എന്ന് മനസിലായത്. രോമാഞ്ചം ഉണ്ടായിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്. ആർട്ടിക്കിൾ 370 എന്ന സിനിമയിൽ പ്രവർത്തിച്ചപ്പോഴാണ് ഭരണഘടനയിലെ എത്ര വലിയ തെറ്റാണ് തിരുത്തപ്പെട്ടതെന്ന് മനസ്സിലായത്.
പലരും ഇത് പ്രൊപ്പഗാണ്ട സിനിമ എന്നാണ് പറഞ്ഞത്. എന്നാൽ സിനിമയിൽ കാണിച്ചിരിക്കുന്നത് 97 ശതമാനവും യാഥാർത്ഥ്യമാണ്. സിനിമയുടേതായ ചില കൂട്ടിച്ചേർക്കലുകളേ ഉണ്ടായിട്ടുളൂയെന്ന് താരം പറയുന്നു.
റിലീസിന് മുമ്പ് ഈ ചിത്രത്തിൻ്റെ വിജയസാദ്ധ്യതയെപ്പറ്റി സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, കണ്ടതിനുശേഷം പ്രേക്ഷകരുടെ ധാരണകൾ മാറിയെന്ന് പ്രിയാമണി പറഞ്ഞു. ചില സൃഷ്ടിപരമായ സ്വാതന്ത്ര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ചിത്രം സത്യം പറഞ്ഞതാണ് ഇതിന് കാരണം.
‘യാമി ഗൗതം അവതരിപ്പിച്ച കഥാപാത്രം ഒരു യഥാർത്ഥ ഉദ്യോഗസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, എന്നിരുന്നാലും സുരക്ഷാ കാരണങ്ങളാൽ, ഞങ്ങൾക്ക് അവരുടെ യഥാർത്ഥ നാമം വെളിപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ പ്രീയാമണി അവതരിപ്പിച്ച കഥാപാത്രം ഒരു വ്യക്തിയെ മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസിനെ മുഴുവൻ പ്രതിനിധീകരിക്കുന്നതാണ്. രാജേശ്വരി എന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയിലൂടെ ആ ടീമിൻ്റെ മുഴുവൻ പ്രയത്നമാണ് നമുക്ക് സിനിമയിൽ കാണാൻ സാധിക്കുന്നത്.
ചിത്രീകരണത്തിനിടെ ആർട്ടിക്കിൾ 370 റദ്ദാക്കലിന്റെ ചരിത്രത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചതായി പ്രിയാമണി വിശദീകരിച്ചു. സംഭവത്തിന്റെ യഥാർത്ഥ പ്രാധാന്യവും ജീവനുകൾ നഷ്ടപ്പെടാതെ സമാധാനപരമായി ഈ നീക്കം നടപ്പിലാക്കിയതിന്റെ പിന്നിലെ പരിശ്രമങ്ങളും കൃത്യമായ അർത്ഥത്തിൽ ആളുകൾക്ക് മനസിലായെന്ന് വരില്ല. പലപ്പോഴും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന ധാരണയിൽ ആരും ഇക്കാര്യങ്ങളിൽ പൂർണശ്രദ്ധ കൊടുത്തിട്ടുണ്ടാവില്ല. എന്നാൽ സിനിമ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ഇത്രത്തോളം പരിശ്രമിച്ചാണ് സർക്കാർ നടപടി കൈക്കൊണ്ടതെന്നും ജനങ്ങൾക്ക് കാട്ടിക്കൊടുത്തു.
സിനിമ പുറത്തിറങ്ങിയതിന് ശേഷം പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചുവെന്നും ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് അഭിനന്ദനങ്ങൾ അറിയിച്ച് കത്തും ലഭിച്ചെന്ന് താരം വെളിപ്പെടുത്തി. ഇന്ത്യയുടെ ഔദ്യോഗിക മുദ്രപതിപ്പിച്ച കത്ത് ലഭിച്ചപ്പോൾ അഭിമാനം തോന്നി. കത്തിനൊപ്പം സ്റ്റാമ്പുകളുടെ രൂപത്തിലുള്ള രാമായമത്തിന്റെ പകർപ്പും ലഭിച്ചെന്നും താൻ നിധിപോലെ അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രീയാമണി കൂട്ടിച്ചേർത്തു. ഈ വാക്കുകൾക്ക് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
അസംഭവ്യം എന്ന് കരുതിയ കാര്യം യാഥർഥ്യമാക്കിയതിനു പിന്നിലെ നാൾവഴികൾ ഭംഗിയായി വ്യക്തമാക്കിയ സിനിമയായിരുന്നു ആർട്ടിക്കിൾ 370. ചൈന, പാകിസ്താൻ, പോലുള്ള അയൽരാഷ്ട്രങ്ങളിൽ നിന്നുള്ള യുദ്ധഭീഷണി, ലഷ്‌കർ ത്വയ്ബ, ജയ്ഷ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ, കാശ്മീരിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ആഭ്യന്തര ജിഹാദിസംഘടനകളുടെ പ്രബലസാന്നിദ്ധ്യം, ഐക്യരാഷ്ട്രസഭാ തീരുമാനങ്ങൾ, വൻശക്തികളുടെ കണ്ണുരുട്ടൽ, കാശ്മീരിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവാക്കൾ എറിയുന്ന കല്ലുകൾ ഇവയെയെല്ലാം ചൂണ്ടിക്കാട്ടിയും ഭയന്നുമാണ് ഇന്ത്യൻ ഗവണ്മെൻ്റ് ആർട്ടിക്കിൾ 370 സഹിച്ചത്. പൗരന്മാരുടെ ജീവനും സ്വത്തിനും വിലയിടാത്ത ഭരണകൂടങ്ങളുടെ തലതിരിഞ്ഞ നയങ്ങളാണ് ഇച്ഛാശക്തിയുള്ള നേതൃത്വം ഭരണത്തിലെത്തിയപ്പോൾ തിരുത്തിയത്. 370 ആം വകുപ്പ് ഒഴിവാക്കുമ്പോൾ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് പൊതുജനം ആശങ്കപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളത്രയും അങ്ങനെയായിരുന്നു. എന്നാൽ ഇരുചെവിയറിയാതെ, ഭാരതാംബയിൽ ഇത്തിരിപോലും രക്തം പൊടിയാതെ നരേന്ദ്രമോദിയും സംഘവും ദേശീയവാദികളുടെ ദീർഘകാലസ്വപ്നത്തെ യാഥാർത്ഥ്യമാക്കി.
വരും കാലത്ത് ഇന്ത്യയുടെ ചരിത്രം ഈ നേതൃത്വത്തോട് കടപ്പെട്ടിരിക്കും.
ആർട്ടിക്കിൾ 370 ഇന്നില്ല..ഇത് പുതിയ ഭാരതമാണ്..കാശ്മീരം തിലകക്കുറിയാക്കിയ ഭാരതം..
Discussion about this post