ഇസ്രായേലിന്റെ അയൺ ഡോമിന് സമാനമായി അമേരിക്കക്കും പ്രതിരോധം തീർക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ രണ്ടാം തവണയും തിരിച്ചെത്തിയ ശേഷം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചിട്ടുള്ളത്. അമേരിക്കയ്ക്ക് സ്വന്തമായി ഒരു
ഗോൾഡൻ ഡോം മിസൈൽ പ്രതിരോധം ഉണ്ടാകണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഈ അപകടകരമായ ലോകത്ത് ഓരോ രാജ്യത്തിനും അവരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎസിന്റെ കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ, ഭാവിയിലെ ഏറ്റവും ശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നാണ് ട്രമ്പ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ സുരക്ഷയും സൈന്യത്തിന്റെ ശക്തിയും വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഒരു അത്യാധുനിക ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ കവചത്തിന് ധനസഹായം നൽകാൻ പ്രസിഡണ്ട് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ നാല്പതാം പ്രസിഡണ്ട് ആയിരുന്ന റൊണാൾഡ് റീഗന് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാങ്കേതികവിദ്യ അന്ന് അമേരിക്കയുടെ കയ്യിൽ ഇല്ലായിരുന്നു. ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ നവയുഗ അമേരിക്കയിൽ പ്രസിഡന്റിന്റെ ഗോൾഡൻ ഡോം എന്ന ആഗ്രഹം സഫലീകരിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത്.
എന്താണ് അമേരിക്ക നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം എന്ന് നോക്കാം. ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ, മറ്റ് നൂതന വ്യോമാക്രമണങ്ങൾ എന്നിവയിൽ നിന്നുള്ള ആക്രമണ ഭീഷണിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ഒരു സംരക്ഷിത കവചമാണ് ഡോം. ഇസ്രായേലിന്റെ അയൺ ഡോമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംരക്ഷണ കവചമായി അറിയപ്പെടുന്നത്. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ചേർന്നാണ് അയൺ ഡോം വികസിപ്പിച്ചെടുത്തത്. 70 കിലോമീറ്റർ ദൂരെ നിന്ന് പോലും വരുന്ന ഹ്രസ്വ-ദൂര റോക്കറ്റുകളെയും പീരങ്കി ഷെല്ലുകളെയും തടയാനും നശിപ്പിക്കാനും കഴിയുന്നതാണ് അയൺ ഡോം. 2011 മുതലാണ് ഇസ്രായേലിൽ ഈ മിസൈൽ പ്രതിരോധ സംരക്ഷണ കവചം വിന്യസിക്കപ്പെട്ടിട്ടുള്ളത്.
പ്രതികൂല കാലാവസ്ഥയിൽ പോലും രാവും പകലും പ്രവർത്തിക്കാൻ അയൺ ഡോമിന് കഴിയുന്നതാണ്. മൂന്ന് പ്രധാന ഘടകങ്ങളാണ് ഈ സംരക്ഷണകവചത്തിൽ ഉള്ളത്. ഭീഷണികൾ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ഉള്ള റഡാർ, ബാറ്റിൽ മാനേജ്മെന്റ് & വെപ്പൺ കൺട്രോൾ, മിസൈൽ ഫയറിംഗ് യൂണിറ്റ് എന്നിവയാണിത്. ആദ്യഘട്ടമായ റഡാർ ഉപയോഗിച്ച് രാജ്യത്തിന് നേരെ ഭീഷണിയായി വരുന്ന റോക്കറ്റിന്റെ വിക്ഷേപണ കേന്ദ്രം കണ്ടെത്തുകയും റോക്കറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാത ട്രാക്ക് ചെയ്യുകയും ചെയ്യുന്നു. റഡാർ റിപ്പോർട്ട് ചെയ്യുന്ന ഈ ഡാറ്റ ഉപയോഗിച്ച് രണ്ടാം ഘട്ടത്തിൽ ബാറ്റിൽ മാനേജ്മെന്റ് & വെപ്പൺ കൺട്രോൾ എവിടെയായിരിക്കും ഈ റോക്കറ്റ് പതിക്കുക എന്നുള്ളത് വിശകലനം ചെയ്യുന്നു. ജനവാസ മേഖലയിലോ രാജ്യത്തെ ഏതെങ്കിലും പ്രധാന പ്രദേശത്തിന് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന രീതിയിലോ റോക്കറ്റ് പതിക്കുമോ എന്നുള്ളതാണ് ഈ വിശകലനം. അത്തരത്തിൽ റോക്കറ്റ് ഭീഷണി ആണെന്ന് ബോധ്യപ്പെട്ടാൽ ഭീഷണിയുള്ള പ്രദേശത്ത് എത്തുന്നതിനുമുമ്പ് റോക്കറ്റിനെ നശിപ്പിക്കാൻ മൂന്നാം ഘട്ടമായ മിസൈൽ ഫയറിങ് യൂണിറ്റ് വഴി ഒരു ഇന്റർസെപ്റ്റർ മിസൈൽ വിക്ഷേപിക്കും. അങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്ന റോക്കറ്റുകളെയും മിസൈലുകളെയും അയൺ ഡോം പ്രതിരോധിക്കുന്നത്.
അയൺ ഡോമിന്റെ ഈ സാങ്കേതികവിദ്യക്ക് സമാനമായ രീതിയിൽ യുഎസിന്റെ സ്വന്തം ഗോൾഡൻ ഡോം വികസിപ്പിക്കണമെന്നാണ് ഇപ്പോൾ ട്രംപ് ആവശ്യപ്പെടുന്നത്. നിലവിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കെതിരായി ഗ്രൗണ്ട്-ബേസ്ഡ് മിഡ്‌കോഴ്‌സ് ഡിഫൻസ് എന്ന പ്രതിരോധ സംവിധാനമാണ് യുഎസ് ഉപയോഗിക്കുന്നത്. അലാസ്കയിലും കാലിഫോർണിയയിലും ആണ് യുഎസിന്റെ ഈ ഗ്രൗണ്ട്-ബേസ്ഡ് മിഡ്‌കോഴ്‌സ് ഡിഫൻസ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് എന്നാണ് അമേരിക്കൻ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം അറിയപ്പെടുന്നത്. ഷോർട്ട് – മീഡിയം , ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെ അവയുടെ ടെർമിനൽ ഘട്ടത്തിൽ തന്നെ നശിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. 1991 ലെ ഗൾഫ് യുദ്ധസമയത്ത് ഇറാഖിന്റെ സ്‌കഡ് മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ ഭീഷണിയെ തുടർന്നാണ് അമേരിക്ക ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. എന്നാൽ പുതിയ കാലഘട്ടത്തിൽ ഈ സംവിധാനം കൊണ്ട് മാത്രം രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയില്ല എന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് അമേരിക്കയുടെ സുരക്ഷയ്ക്കായി ഗോൾഡൻ ഡോം വികസിപ്പിക്കാനാണ് യുഎസ് പ്രസിഡണ്ട് പദ്ധതിയിടുന്നത്.
Discussion about this post