അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ഏറ്റവും ഉയർന്ന ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന കേണൽ പൊനുങ് ഡോമിംഗിന് സായുധസേനയുടെ പ്രത്യേക ആദരം. സായുധ സേനയിൽ നാരി ശക്തി എന്ന പദവി വഹിക്കുന്ന വിശിഷ്ട വ്യക്തിത്വമാണ് കേണൽ പൊനുങ് ഡോമിംഗ്. ഈ വർഷം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സേനാ മെഡൽ ലഭിച്ച 43 സായുധ സേനാംഗങ്ങളിൽ ഒരാൾ കൂടിയാണ് സൈന്യത്തിലെ ഈ നാരീശക്തി.
ഇന്ത്യൻ പ്രതിരോധ രംഗത്ത് വർധിച്ചുവരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ് കേണൽ പൊനുങ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബോർഡർ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ എന്ന സവിശേഷതയും അവർക്കുണ്ട്. 15,000 അടി ഉയരത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള BRO ടീമിനാണ് അവർ നേതൃത്വം നൽകുന്നത്. ലഡാക്കിലെ ഏറ്റവും ഉയരമുള്ള വാഹന ഗതാഗത യോഗ്യമായ റോഡിന്റെ പരിപാലനത്തിനായി 19,024 അടി ഉയരത്തിൽ കേണൽ പൊനുങും സഹപ്രവർത്തകരും ജോലി ചെയ്യുന്നു. അതും -20 മുതൽ -25 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയുള്ള ഒരു പ്രദേശത്താണ് ഈ നാരീശക്തി സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നത്.
എനിക്ക് എന്റെ രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും മികച്ച ഒരു മാർഗ്ഗമില്ല എന്നാണ് തന്റെ ജോലിയെ കുറിച്ച് കേണൽ പൊനുങ് ഡോമിംഗ് അഭിപ്രായപ്പെടുന്നത്. അച്ചടക്കം, ഐക്യം, ശാരീരികക്ഷമത എന്നിവയാണ് ഈ കടുത്ത സാഹചര്യങ്ങളെ പോലും നേരിടുന്നതിന് സഹായകരമാകുന്നതെന്നും അവർ വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ ഒലോം ഡോമിംഗിന്റെയും ജിമ്മി ഡായ് ഡോമിംഗിന്റെയും മകളായിട്ടാണ് പൊനുങ് ജനിച്ചത്. അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരമായ പാസിഘട്ടിലെ ഗവൺമെന്റ് ഡേയിംഗ് എറിംഗ് ഹയർ സെക്കൻഡറി സ്കൂളിലും ഐജിജെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമായിട്ടായിരുന്നു പൊനുങ് വിദ്യാഭ്യാസം നേടിയത്. 2008 ൽ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് പൊനുങ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്. 2014-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലും അവർ സേവനമനുഷ്ഠിച്ചു.
നിലവിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയായ എൽഎസിയ്ക്ക് സമീപം ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ ആണ് കേണൽ പൊനുങ് ഡോമിംഗിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. സൈന്യത്തിന്റെ ഏറ്റവും ദൂരെയുള്ള ഔട്ട്‌പോസ്റ്റായ ഫുക്‌ചെയുമായി നിർണായക ബന്ധം ഉറപ്പാക്കുന്ന ടീമിനാണ് അവർ നേതൃത്വം നൽകുന്നത്. എൽഎസിക്ക് സമീപമുള്ള നയോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിനെ ഫൈറ്റർ ജെറ്റുകൾക്കായുള്ള പൂർണ്ണമായ പ്രവർത്തന താവളമാക്കി നവീകരിക്കുന്നതിനുള്ള ജോലികളുടെ തിരക്കിലാണ് ഇപ്പോൾ കേണൽ പൊനുങ്. ഇന്ത്യൻ സൈന്യത്തിലെ മാതൃകാപരമായ സേവനത്തിന് ‘കർമ്മത്തോടുള്ള ഭക്തി’ വിഭാഗത്തിലാണ് 2025ലെ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ സേന മെഡൽ കേണൽ പൊനുങ് ഡോമിംഗിന് സമ്മാനിച്ചത്. ഈ വിശിഷ്ട വ്യക്തിത്വത്തോടുള്ള ബഹുമാനാർത്ഥം ആണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സായുധസേന പ്രത്യേക അഭിവാദ്യം അർപ്പിച്ചത്.
Discussion about this post