ബംഗളൂരു: ഇഡ്ഡലിയും സാമ്പാറും എക്കാലവും നമ്മുടെ പ്രിയപ്പെട്ട ആഹാരമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി ഇഡ്ഡലിയും സാമ്പാറും കിട്ടിയാൽ പിന്നെ ആ ദിവസം കുശാലായി. എന്നാൽ ചില ഇഡ്ഡലികൾ ക്യാൻസറിന് കാരണമായേക്കാമെന്നാണ് കർണാടകയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് സംസ്ഥാനത്ത് ശക്തമായ നടപടികളും ആരംഭിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിൽ ചില ഹോട്ടലുകൾ ഇഡ്ഡലി തയ്യാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിലെ പ്ലാസ്റ്റിക് ശരീരത്തിനകത്ത് ചെന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ആയിരിക്കും ഉണ്ടാകുക. ഇതോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
സാധാരണയായി ഇഡ്ഡലി ആവിയിൽ വേവിച്ചെടുത്ത ശേഷം രുചിയ്ക്കായി തുണികളിൽ പൊതിഞ്ഞ് വയ്ക്കാറുണ്ട്. കർണാടകയിലെ ഹോട്ടലുകളിൽ ഈ പരമ്പരാഗത രീതി ഇപ്പോഴും തുടർന്നുവരികയാണ്. എന്നാൽ ചില ഹോട്ടലുകൾ തുണി ഉപയോഗിക്കുന്നതിന് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ആണ് ഇഡ്ഡലി പൊതിഞ്ഞ് വയ്ക്കാൻ ഉപയോഗിക്കുന്നത്. ആവിയിൽ നിന്നും എടുത്ത ഇഡ്ഡലി പൊതിയുമ്പോൾ പ്ലാസ്റ്റിക് കവർ ഉരുകി ഇഡ്ഡലിയുമായി ചേരും. അത് മാത്രമല്ല പ്ലാസ്റ്റികിൽ ചൂട് തട്ടുമ്പോൾ വിഘടിച്ച് അതിൽ നിന്നും ശരീരത്തിൽ ദോഷകരമായ രാസവസ്തുക്കൾ രൂപം കൊള്ളുന്നു.
പരിശോധനയുടെ ഭാഗമായി 500 ലധികം ഇഡ്ഡലിയുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 35 ഇഡ്ഡലികളിൽ ക്യാൻസറിന് കാരണം ആയേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയതായി വകുപ്പ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് മുന്നറിയിപ്പുമായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും രംഗത്ത് എത്തിയിട്ടുണ്ട്. ഇഡ്ഡലി പ്ലാസ്റ്റിക് കവറിൽ പൊതിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post