മൌറീഷ്യസിൽ ഒദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ ചില സംഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മഹാകുംഭമേളയിലെ ഗംഗാ തീർത്ഥം പ്രധാനമന്ത്രി മൌറീഷ്യസിലെ പോർട്ട് ലൂയിസിലെ ഗ്രാൻഡ് ബേസിൽ ക്ഷേത്രത്തിലെ കുളത്തിൽ അഭിഷേം ചെയ്തത് വലിയ വാർത്തയായിരുന്നു. മൌറീഷ്യസിലെ ഗ്രാൻഡ് ബേസിലെ ഗംഗാ തലാബും ഹിന്ദുമതവുമായി ബന്ധമുണ്ടോ, മൌറീഷ്യസിലെ ഈ ക്ഷേത്രത്തിന് ഭരതവുമായി ബന്ധമുണ്ടോ എന്നാണ് സമൂഹമാദ്ധ്യമമുൾപ്പെടെ ചർച്ചചെയ്യുന്നത്.
മൗറീഷ്യസിലെ ഗംഗാ തലാബിൽ ത്രിവേണി സംഗമ തീർത്ഥം അഭിഷേകം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ത്രിവേണി സംഗമത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷത്തെ മഹാകുംഭം മൗറീഷ്യസ് ഉൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിച്ചു.
ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും അനുഗ്രഹം എപ്പോഴും നമുക്ക് ഉണ്ടായിരിക്കട്ടെ!, പ്രധാനമന്ത്രി കുറിച്ചു.
മൗറീഷ്യസിലെ ഒരു പ്രധാന തീർത്ഥസ്ഥലമാണ് ഗ്രാൻഡ് ബേസിൽ. അവിടെ ഒരു അഗ്നിപർവ്വതത്തിന്റെ ഗർത്തത്തിലെ കുളമാണ് ഗംഗാ തലാബ് എന്നറിയപ്പെടുന്നത്. മൗറീഷ്യസിലെ ഹിന്ദുക്കൾക്ക് ഈ സ്ഥലം വളരെ പവിത്രമാണ്, ഭഗവാൻ ശിവൻ , ഹനുമാൻ, ലക്ഷ്മി ദേവി എന്നീ പ്രതിഷ്ഠകളുള്ള മനോഹരമായ ഒരു ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് . നഗ്നപാദരായാണ് മൌറീഷ്യസിലെ തീർത്ഥാടകർ ഈ സ്ഥലത്തേക്ക് പോകുന്നത്.
കുളത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന 108 അടി ഉയരമുള്ള മഹാദേവന്റെ പ്രതിമ ഏറെ പ്രശസ്തമാണ്. 2007 ൽ സ്ഥാപിക്കപ്പെട്ട ഈ പ്രതിമ മൗറീഷ്യസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഇതിനുപുറമെ, 108 അടി ഉയരമുള്ള ദുർഗ്ഗാ ദേവിയുടെ പ്രതിമയും ഇവിടെയുണ്ട്. ദുർഗ്ഗാ പൂജയും മഹാശിവരാത്രിയും ഇവിടുത്തെ ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.മഹാശിവരാത്രി ഇവിടെ ദേശീയ അവധിദിനമാണ്.
ഈ സ്ഥലത്തെക്കുറിച്ച് ഒരു വിശ്വാസവും നിലവിലുണ്ട്. 1857-ൽ, ഗ്രാൻഡ് ബേസിൻ തടാകത്തിലെ വെള്ളം ജാൻവിയിൽ നിന്ന് ഉത്ഭവിച്ച് ഗംഗാ മാതാവിൻറെ ഭാഗമായി മാറിയതായി രണ്ട് പുരോഹിതന്മാർ സ്വപ്നം കണ്ടു. ഈ സ്വപ്ന വാർത്ത മൗറീഷ്യസ് മുഴുവൻ പരന്നു. അതേ വർഷം തന്നെ, മഹാശിവരാത്രി ദിനത്തിൽ നിരവധി തീർത്ഥാടകർ ഗ്രാൻഡ് ബേസിനിലേക്ക് കാൽനടയായി പോയി, തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ച് ശിവന് സമർപ്പിച്ചു. അന്നുമുതൽ എല്ലാ മഹാശിവരാത്രിയിലും ഭക്തർ ഗംഗാ തലാബിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നത് ഒരു പാരമ്പര്യ ആചാരമായി മാറി.
Discussion about this post