ഭാരതീയ ജനത തങ്ങളുടെ ഹൃദയത്തിൽ ഇടം നൽകിയിട്ടുള്ള മൃഗമാണ് പശു. ജീവാമൃതായ പാൽ നൽകുന്ന പശുക്കളോട് കരുണയോടുകൂടി പെരുമാറാൻ ആണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. ഭാരത ജനതയുടെ സ്വന്തമായ ഒരു പശു ഇന്ന് ലോകത്തിന്റെ തന്നെ നെറുകയിലാണ്. വിയാറ്റിന എന്ന ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ മൃഗലോകത്തെ താരം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പശു എന്ന റെക്കോർഡ് നേട്ടം ഇന്ത്യയുടെ സ്വന്തം നെല്ലൂർ ജനുസിൽപ്പെട്ട വിയാറ്റിന സ്വന്തമാക്കിയത്. 40 കോടി രൂപയാണ് നിലവിൽ ഈ പശുവിന്റെ വില.
ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന മൃഗമേളയിലാണ് വിയാറ്റിന-19 എന്ന ഇന്ത്യൻ ഇനം പശു എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വിലയേറിയ പശുവായി മാറിയത്. ഇന്ത്യൻ രൂപയിൽ 40 കോടിക്ക് തുല്യമായ തുകയ്ക്കാണ് ഈ പശുവിന്റെ വിൽപ്പന നടന്നത്. ഇതുവരെ ഒരു പശുവിന് ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിത്. നാലര വയസ്സോളം മാത്രമാണ് ഈ പശുവിന് പ്രായമുള്ളത്. എന്നാൽ ഈ പശുവിന്റെ ഭാരം ഏകദേശം 1,101 കിലോഗ്രാം ആണ്. നെല്ലൂർ ഇനത്തിൽപ്പെട്ട മറ്റ് പശുക്കളുടെ ശരാശരി ഭാരത്തിന്റെ ഇരട്ടിയാണ് ഇത് എന്നുള്ളതാണ് വിയാറ്റിനയെ സവിശേഷമാക്കുന്നത്.
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കാണപ്പെടുന്ന പ്രത്യേക ഇനം പശുക്കളാണ്. നെല്ലൂർ പശുക്കൾ. വളരെ ബുദ്ധിമുട്ടുള്ളതും ചൂടുള്ളതുമായ സാഹചര്യങ്ങളിൽ പോലും അതിജീവിക്കാൻ കഴിയുന്ന ജനുസാണ് ഇവ. എന്നാൽ ഏത് സാഹചര്യത്തിലും മികച്ച രീതിയിലുള്ള പാൽ ഉൽപാദനശേഷിയും ഇവയ്ക്കുണ്ട്. നല്ല പ്രതിരോധശേഷിയുള്ള ഇനം ആയതിനാൽ വലിയ രോഗബാധകളും ഇവയെ അലട്ടാറില്ല. ഈ കാരണങ്ങളാൽ തന്നെ നെല്ലൂർ പശുവിന് അന്താരാഷ്ട്ര തലത്തിൽ ഉള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്.
നെല്ലൂർ പശുക്കളിൽ അപൂർവമായ ജനിതക പാരമ്പര്യമുള്ള പശുവായാണ് വിയറ്റിന-19 അറിയപ്പെടുന്നത്. അതിമനോഹരമായ ശരീരമാണ് ഈ പശുവിന്റെ ഒരു പ്രധാന പ്രത്യേകത. വിലയുടെ കാര്യത്തിലുള്ള ലോക റെക്കോർഡ് സ്ഥാപിക്കുന്നതിനു പുറമേ, ടെക്സസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയാറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടം നേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാളകളെയും പശുക്കളെയും പരസ്പരം മത്സരിപ്പിക്കുന്ന മിസ് യൂണിവേഴ്സ് ശൈലിയിലുള്ള കന്നുകാലി മത്സരമാണിത്. പ്രജനന പരിപാടികൾക്കായി ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ആണ് വിയാറ്റിനക്ക് ബ്രസീൽ മൃഗമേളയിൽ 40 കോടി എന്ന അതുല്യ വില ലഭിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച പശുക്കളിൽ ഒന്നായ നെല്ലൂർ ഇനത്തിന്റെ വിതരണ ശൃംഖല ഇപ്പോൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, വെനിസ്വേല, മധ്യ അമേരിക്ക, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിങ്ങനെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post