മലപ്പുറം: ലഹരിയിൽ പോലീസുകാർക്ക് നേരെ ആക്രമണവുമായി യുവാവ്. പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതി കിണറടപ്പ് സ്വദേശി നിയാസിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ലഹരിയിൽ യുവാവ് നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി യുവാവിനെ പിടികൂടാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ നിയാസ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നിയാസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർത്തു.
ഇതോടെ പോലീസ് ബലം പ്രയോഗിച്ച് നിയാസിനെ കീഴടക്കുകയായിരുന്നു. അരീക്കോട് പോലീസാണ് നിയാസിനെ പിടികൂടാൻ എത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ലഹരി ഉപയോഗിച്ച് നിയാസ് സ്ഥിരമായി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post