പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിച്ച് എമ്പുരാന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. അർധരാത്രിയാണ് ട്രെയിലർ ഇറങ്ങിയതെങ്കിലും ഇതിനോടകം മൂന്ന് മില്യണിലേറെ പേരാണ് കണ്ടത്. ട്രെയിലർ എത്തിയതോടെ എമ്പുരാനിലെ വില്ലൻ ആരാണെന്ന ചർച്ചകൾ പൊടിപൊടിക്കുകയാണ്. ട്രെയ്ലറിനെ ഡീകോഡ് ചെയ്താണ് ചർച്ചകളത്രയും. ട്രെയ്ലറിൽ മുഖം കാണിക്കാത്ത വില്ലൻ ആരെന്നാണ് ചോദ്യം. ഇത് ഫഹദ് ഫാസിലാണോ അതോ വിദേശതാരമാണോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയുടെ നിർദ്ദേശപ്രകാരം വിദേശത്ത് നിന്നെത്തിയ ജതിൻ രാംദാസാണോ എമ്പുരാനിലെ വില്ലനെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ജതിൻ രാംദാസിനെതിരെ സ്റ്റീഫൻ നെടുമ്പള്ളി പോരാട്ടത്തിനിറങ്ങുന്ന രംഗങ്ങളും എമ്പുരാനിൽ ഉണ്ടാകുമെന്നാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത്. ‘ദൈവ പുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’ എന്ന് ഖുറേഷി അബ്രാം പറയുന്നത് ട്രെയ്ലറിൽ കേൾക്കാം. ലൂസിഫറിൽ ദൈവപുത്രൻ ആയി അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസിനെയാണ്. നമ്മൾ അറിയാത്തത് എന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ടെന്ന് ട്രെയിലറിൽ ജതിൻ എന്ന കഥാപാത്രം പറയുന്നതും കേൾക്കാം. എല്ലാം കൂട്ടി വായിക്കുമ്പോൾ ലൂസിഫറിൽ നിന്നും വ്യത്യസ്തമായി എമ്പുരാനിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാവാം ടൊവിനോയുടേതെന്ന് ആരാധകർ പറയുന്നു. എന്തായാലും ഇൻഡസ്ട്രി തൂക്കുന്ന ഒന്നൊന്നൊന്നര ഐറ്റമാണ് മാർച്ച് 27 ന് തിയേറ്ററുകളിൽ എത്താൻ പോകുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട.
ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയിൽ പ്രതിപാദിക്കും. മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വലിയതാരനിരയാണ് എത്തുന്നത്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, സായ് കുമാർ, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട്, ജെറോപം ഫ്ളിൻ, അഭിമന്യു സിംഗ്, ബൈജു, സായ് കുമാർ, ആൻട്രിയ ടിവാടർ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീർവാദ് സിനിമാസുമാണ് നിർമാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അമേരിക്ക, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങിയ സ്ഥലങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം പൂർത്തിയായത്.
Discussion about this post