ബെംഗളൂരു : ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ നായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ എസ് സതീഷ് എന്ന ഡോഗ് ബ്രീഡർ. 50 കോടി രൂപ നൽകിയാണ് അദ്ദേഹം ഈ സവിശേഷമായ നായയെ സ്വന്തമാക്കിയിട്ടുള്ളത്. ‘വുൾഫ് ഡോഗ്’ ഇനത്തിൽപ്പെട്ട കാഡബോംസ് ഒകാമി എന്ന നായയെ ആണ് എസ് സതീഷ് ബംഗളൂരുവിലേക്ക് എത്തിച്ചിരിക്കുന്നത്. ചെന്നായയുടെയും നായയുടെയും സങ്കര ഇനമാണ് ഈ നായ.
ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഹൈബ്രിഡ് നായ ആയാണ് കാഡബോംസ് ഒകാമി അറിയപ്പെടുന്നത്. ആദ്യമായാണ് ലോകത്ത് ഇത്തരത്തിൽ ഒരു നായയെ വിറ്റഴിക്കപ്പെടുന്നത്. ഒരു കാട്ടു ചെന്നായയുടെയും ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും സങ്കര ഇനമാണ് ഒകാമി. യുഎസിൽ നിന്നുമാണ് ഈ നായയെ ബംഗളൂരുവിലേക്ക് എത്തിച്ചിരിക്കുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള ഒകാമിക്ക് ഇപ്പോൾ തന്നെ 30 ഇഞ്ച് ഉയരവും 75 കിലോഗ്രാം ഭാരവും ഉണ്ട്.
ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ബെംഗളൂരു സ്വദേശിയായ എസ് സതീഷ്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട അതുല്യമായ നായ്ക്കളെ സ്വന്തമാക്കുന്നത് ഇദ്ദേഹത്തിന്റെ വിനോദമാണ്. കർണാടകയിലെ തുംകൂർ ജില്ലയിൽ കഴിഞ്ഞദിവസം നടന്ന ശ്വാന പ്രദർശന പരിപാടിയിൽ റെക്കോർഡ് തുകയ്ക്കാണ് കാഡബോംസ് ഒകാമിയെ പങ്കെടുപ്പിച്ചത്. 30 മിനിറ്റ് സമയം നീണ്ട പ്രദർശനത്തിന് രണ്ടര ലക്ഷത്തോളം രൂപയായിരുന്നു ഒകാമി നേടിയത്.
കാട്ടു ചെന്നായയുടെയും ജോർജിയ, അസർബൈജാൻ, റഷ്യ തുടങ്ങിയ തണുത്ത പ്രദേശങ്ങളിൽ വസിക്കുന്ന ഷെപ്പേർഡ് ഡോഗ് ആയ കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും സങ്കര ഇനമായി ഉത്പാദിപ്പിക്കപ്പെടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ നായയാണ് ഒകാമി. നല്ല ബലമുള്ള പേശികളും ഉറച്ച ശരീരഘടനയും കാവൽ നായ്ക്കളുടെ മികച്ച സ്വഭാവവും ഒപ്പം ചെന്നായയുടെ വന്യതയും ഒത്തിണങ്ങിയ ഒരു അപൂർവ്വ മിശ്രണമാണ് ഈ നായ്ക്കുള്ളത്. ദിവസം മൂന്ന് കിലോ പച്ച മാംസം ആണ് നിലവിൽ ഒകാമിയുടെ ഭക്ഷണം. ഇത്തരത്തിൽ അതുല്യമായ സവിശേഷതകൾ ഉള്ള വ്യത്യസ്തയിനങ്ങളിൽ പെട്ട 150 ഓളം നായ്ക്കളെയാണ് എസ് സതീഷ് വളർത്തുന്നത്. ഈ നായ്ക്കൾക്കായി ഏഴ് ഏക്കർ വിസ്തൃതിയുള്ള ഒരു വിശാലമായ ഫാം തന്നെ ഒരുക്കിയിട്ടുണ്ട് സതീഷ്.









Discussion about this post