ന്യൂഡൽഹി : ടെക്സ്റ്റൈൽ കയറ്റുമതി രംഗത്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. ഒരു വർഷം കൊണ്ട് 7% വർദ്ധനവാണ് ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ തന്നെ മൊത്തം തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ 4% വിഹിതം എന്നാ വൻ നേട്ടമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7% വർധനവ് ഉണ്ടായതായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം അറിയിച്ചു. യുഎസ്എ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി കൂടുതലായും നടക്കുന്നത്. ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള നിരവധി പദ്ധതികൾ കയറ്റുമതിയിലെ ഈ വർദ്ധനവിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൺസ് ആൻഡ് അപ്പാരൽ (പിഎം മിത്ര) പദ്ധതി ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയെ പുതിയ ദിശയിലേക്ക് നയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വസ്ത്ര വ്യാപാര കയറ്റുമതി ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ വഴി കഴിഞ്ഞു. ഗവേഷണത്തിനും വിപണി വികസനത്തിനും ഊന്നൽ നൽകുന്ന നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ, ടെക്സ്റ്റൈൽ മേഖലയിൽ പ്ലേസ്‌മെന്റ് അധിഷ്ഠിത വൈദഗ്ദ്ധ്യം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ശേഷി വർദ്ധിപ്പിക്കൽ പരിപാടിയായ സമർത്ത് എന്നിവയും വസ്ത്ര വിപണന, കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. പരുത്തി, പട്ട്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഇന്ത്യൻ വസ്ത്രങ്ങൾക്ക് ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്.









Discussion about this post