ന്യൂഡൽഹി: ത്രിഭാഷ പദ്ധതിയുടെ പേരിൽ രാഷ്ട്രീയ പാർട്ടികൾ സൃഷ്ടിക്കുന്നത് അനാവശ്യ വിവാദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ ത്രിഭാഷ പദ്ധതിയെക്കുറിച്ച് ഉയർന്ന സംവാദത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അഴിമതി മറച്ചുവയ്ക്കാൻ ചിലർ ത്രിഭാഷാ വിവാദം മറയാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
സ്വന്തം രാഷ്ട്രീയത്തിന് വേണ്ടിയാണ് ചിലർ ത്രിഭാഷാ പദ്ധതിയെ വിനിയോഗിക്കുന്നത്. അവരുടെ അഴിമതി ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കണം. അതിന് വേണ്ടി ത്രിഭാഷാ പദ്ധതിയെക്കുറിച്ച് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയും വിവാദം ഉണ്ടാക്കുകയും ചെയ്യുന്നു. ഭാഷയുടെ പേരിൽ രാജ്യത്തെ വിഭജിക്കണം എന്ന് വാശിപിടിക്കുന്നവർക്ക് അവരുടെ അജണ്ടയുണ്ട്. തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, ബംഗാളി തുടങ്ങി എല്ലാ ഇന്ത്യൻ ഭാഷകളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനായി ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിൽ നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ഭാഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
ഇക്കഴിഞ്ഞ ഡിസംബറിന് ശേഷം എല്ലാ മുഖ്യമന്ത്രിമാർക്കും, എംപിമാർക്കും, മന്ത്രിമാർക്കും അവരുടെ ഭാഷയിലാണ് താൻ അറിയിപ്പുകൾ നൽകിയിരുന്നത്. മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാഭ്യാസം തമിഴിൽ നൽകാനുള്ള ചങ്കുറപ്പ് ഡിഎംകെയ്ക്ക് ഉണ്ടായിട്ടുണ്ടോ?. എൻഡിഎ സർക്കാർ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാഭ്യാസം പോലും തമിഴ് ഭാഷയിൽ നൽകും. എല്ലാ ഭാഷകൾക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post