ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്റെ വീട് പൊളിച്ച് നീക്കി. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹാറൂൺ റാഷിദ് ജീനിയുടെ വീടാണ് പൊളിച്ച് നീക്കിയത്. അനന്തനാഗിലെ രേഖ ഹസ്സൻപോര സ്വദേശിയാണ് നിലവിൽ പാകിസ്താനിലുള്ള ഹാറൂൺ.
2018 ലാണ് ഇയാൾ ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്നത്. പിന്നാലെ അതേ വർഷം തന്നെ പാകിസ്താനിലേക്ക് കടക്കുകയായിരുന്നു. ഹാറൂണിന്റെ നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങൾ കശ്മീരിൽ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഹാറൂണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നടത്തിയ അന്വേഷണത്തിൽ ഹാറൂണിന്റെ വീട് നിലനിൽക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്.
അടുത്തിടെയായി ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം തുടരുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് വീട് പൊളിച്ച് നീക്കിയത്. കനത്ത പോലീസ് കാവലിൽ ആയിരുന്നു നടപടികൾ പൂർത്തീകരിച്ചത്.
ജമ്മു കശ്മീരിൽ നിന്നും ഭീകരവാദത്തെ പൂർണമായി തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ആദ്യ പടിയാണ് ഇതെന്ന് അനന്തനാഗ് പോലീസ് പറഞ്ഞു. ഭീകരവാദത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പാഠം ആയിരിക്കണം. വരും ദിവസങ്ങളിലും സമാനമായ നടപടികൾ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post