ന്യൂയോർക്ക് : യുഎസിൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ വെടിവെപ്പ്. വിർജീനിയയിലുള്ള ഒരു ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ഉണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. ഇതേ സ്റ്റോറിൽ ജോലി ചെയ്തിരുന്ന 24 വയസ്സുള്ള ഒരു ഇന്ത്യൻ യുവതിയും 56 വയസ്സുള്ള അവരുടെ പിതാവും ആണ് വെടിയേറ്റ് മരിച്ചത്.
അക്കോമാക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന സ്റ്റോർ തുറന്നതിന് തൊട്ടുപിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. പുലർച്ചെ മദ്യം വാങ്ങാൻ കടയിലെത്തിയ ആളാണ് വെടിവെപ്പും കൊലപാതകവും നടത്തിയത്. രാത്രി കട അടച്ചിട്ടത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ കട തുറക്കാൻ എത്തിയ ജീവനക്കാരിയായ യുവതിയോടും പിതാവിനോടും തട്ടിക്കയറുകയും വെടി വയ്ക്കുകയും ചെയ്തത്.
ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേൽ, മകൾ ഉർമി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദീപ് പട്ടേൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകൾ ഉർമി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിന്നുള്ള ഇവർ ആറ് വർഷം മുമ്പാണ് യുഎസിലേക്ക് എത്തിയിരുന്നത്. ഇരട്ടക്കൊലപാതകത്തിന് ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post