ബാങ്കോക്ക് : യുഎസിന്റെയും നിരവധി മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനയിലേക്ക് നാടുകടത്തി തായ്‌ലൻഡ്. നാടുകടത്തലിനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉണ്ടായതോടെ രഹസ്യമായിട്ടായിരുന്നു തായ്‌ലൻഡ് സർക്കാരിന്റെ നീക്കം. 40 ഉയ്ഗൂറുകളെ ചൈനയിലേക്ക് നാടുകടത്തിയതായി തായ് അധികൃതർ സ്ഥിരീകരിച്ചു. ചൈനയിൽ വലിയ രീതിയിലുള്ള പീഡനങ്ങൾ അനുഭവിച്ചതിനെ തുടർന്നായിരുന്നു നിരവധി ഉയ്ഗൂർ മുസ്ലിങ്ങൾ തായ്‌ലൻഡിലേക്ക് കൂടിയേറിയിരുന്നത്.
ബാങ്കോക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പത്ത് വർഷത്തോളം തടവിൽ കഴിഞ്ഞ ശേഷം വ്യാഴാഴ്ചയാണ് 40 ഓളം വരുന്ന ഉയ്ഗൂർ മുസ്ലിങ്ങളെ ചൈനയിലെ സിൻജിയാങ് മേഖലയിലേക്ക് തിരിച്ചയച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2015 ന് ശേഷം ആദ്യമായാണ് തായ്‌ലൻഡ് ഉയ്ഗൂറുകളെ നാടുകടത്തുന്നത്. നാടുകടത്തലിനെതിരെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് തായ്‌ലൻഡ് സർക്കാർ രഹസ്യമായി നാടുകടത്തൽ നടത്തിയത്.
ചൈനയിലെ സിൻജിയാങ് മേഖലയിൽ നിന്നുള്ള തുർക്കിക് മുസ്ലീം വംശജരാണ് ഉയ്ഗൂറുകൾ. ചൈനയിൽ നിന്നും മനുഷ്യത്വ വിരുദ്ധവും വംശീയവുമായ നിരവധി ആക്രമണങ്ങളാണ് ഉയ്ഗൂർ മുസ്ലിങ്ങൾ നേരിട്ടിരുന്നത്. തുടർന്ന് അഭയാർത്ഥികളായി തായ്‌ലൻഡിൽ കൂടിയേറിയ ഒരു വിഭാഗം വർഷങ്ങളായി തായ് ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. ഉയ്ഗൂറുകൾ തീവ്രവാദികളാണെന്നും അവരെ തിരിച്ചയയ്ക്കാൻ തയ്യാറാകണമെന്നും ചൈന തായ്‌ലന്റിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം തായ്ലൻഡ് പ്രധാനമന്ത്രിയായി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അധികാരമേറ്റതോടെയാണ് ഉയ്ഗൂർ മുസ്ലിങ്ങളെ ചൈനയിലേക്ക് തന്നെ നാടുകടത്താൻ തീരുമാനമായത്. എന്നാൽ ഈ തീരുമാനത്തിനെതിരെ യുഎസും ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും വിമർശനമുയർത്തിയിരുന്നു. ഈ വർഷം ജനുവരി 8 ന് ചൈന ഉയ്ഗൂറുകളെ തിരിച്ചയയ്ക്കാൻ ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് നാടുകടത്തൽ നടപടി സ്വീകരിച്ചതെന്നാണ് തായ്‌ലൻഡ് സർക്കാർ വ്യക്തമാക്കുന്നത്.
Discussion about this post