ന്യൂഡൽഹി : ഓൺലൈൻ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇക്വലൈസേഷൻ ലെവി അഥവാ ഡിജിറ്റൽ നികുതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഏപ്രിൽ 1 മുതൽ ഓൺലൈൻ പരസ്യങ്ങൾക്ക് തുല്യതാ ലെവിയോ ഡിജിറ്റൽ നികുതിയോ ഉണ്ടാകില്ല എന്ന് കേന്ദ്രം പാർലമെന്റിൽ അറിയിച്ചു.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിലെ 59 ഭേദഗതികളുടെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. 2016 ജൂൺ 1 മുതലായിരുന്നു ഓൺലൈൻ പരസ്യങ്ങൾക്ക് ആറ് ശതമാനം തുല്യതാ ലെവി ഏർപ്പെടുത്തിയിരുന്നത്.
2016 ലെ ധനകാര്യ നിയമത്തിലെ സെക്ഷൻ 163 പ്രകാരമായിരുന്നു ഡിജിറ്റൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈകൊണ്ടിരുന്നത്. നിലവിൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതികളിലൂടെയാണ് ഡിജിറ്റൽ നികുതി നിർത്തലാക്കുന്നത്. ആദായനികുതി നിയമം ലളിതമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തുല്യതാ ലെവി പൂർണ്ണമായും നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
Discussion about this post