ലോക സമാധാനത്തിന് ഭീഷണിയായ ഭീകരവാദത്തെ താലോലിക്കുന്ന പാകിസ്താനെ സമാധാന ചർച്ചകളുടെ മുൻനിരയിൽ പ്രതിഷ്ഠിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ പുനർനിർമ്മാണവും ആഗോള സമാധാനവും ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയിൽ പാകിസ്താൻ അംഗമായത് ഇന്ത്യയെയും ഇസ്രായേലിനെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടന്ന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ട്രംപിനൊപ്പം വേദി പങ്കിട്ടത് വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
പാകിസ്താന്റെ സാന്നിധ്യത്തെ ഏറ്റവും ശക്തമായി എതിർത്തത് ഇസ്രായേലാണ്. ഹമാസും ലഷ്കർ-ഇ-തൊയ്ബയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, പാക് സൈന്യത്തെ ഗാസയിലെ ഒരു ദൗത്യത്തിലും ഉൾപ്പെടുത്തരുതെന്ന് ഇസ്രായേൽ വ്യക്തമാക്കിക്കഴിഞ്ഞു. “വിശ്വസിക്കാൻ കൊള്ളാത്തവരുമായി സഹകരിക്കാനാവില്ല” എന്ന് ഇസ്രായേൽ പ്രതിനിധി റൂവൻ അസർ തുറന്നടിച്ചു. പാക് സൈനികർ ഗാസയിൽ കാലുകുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേൽ മന്ത്രി നിർ ബർക്കത്തും വ്യക്തമാക്കി.
അമേരിക്കയ്ക്കും പാകിസ്താനും പുറമെ സൗദി അറേബ്യ, ഹംഗറി, തുർക്കി, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഈ സമിതിയിലുള്ളത്. ട്രംപ് തന്നെയാകും ബോർഡിന്റെ ചെയർമാൻ. വൈറ്റ് ഹൗസ് വിട്ടാലും തനിക്ക് ഈ സ്ഥാനം നിലനിർത്താമെന്ന തരത്തിലാണ് ഇതിന്റെ ചാർട്ടർ തയ്യാറാക്കിയിരിക്കുന്നത്. ഭാരതത്തെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയെ (UN) മറികടന്നുള്ള ഇത്തരം സമാന്തര സംവിധാനങ്ങളെ ഇന്ത്യ ജാഗ്രതയോടെയാണ് കാണുന്നത്. പ്രത്യേകിച്ച്, കശ്മീർ വിഷയത്തിൽ ഇടപെടാൻ ട്രംപ് മുൻപ് കാണിച്ച താൽപ്പര്യം കണക്കിലെടുക്കുമ്പോൾ, ഈ ‘സമാധാന ബോർഡ്’ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാകുമോ എന്ന ആശങ്കയും ശക്തമാണ്.
കഴിഞ്ഞ ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഹിന്ദു തീർത്ഥാടകരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്ത ഭീകരർക്ക് ഒത്താശ നൽകുന്ന പാകിസ്താനെ സമാധാന സമിതിയിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നയതന്ത്ര വിദഗ്ധർ.












Discussion about this post