ന്യൂഡൽഹി : പാർലമെന്റ് അംഗങ്ങൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിലും പെൻഷനിലും 24% വർദ്ധനവ് ആണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകളിലെ വർദ്ധനവിനും അനുസൃതമായാണ് ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഏപ്രിൽ 1 മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും.
പാർലമെന്റ് അംഗങ്ങളുടെയും മുൻ പാർലമെന്റ് അംഗങ്ങളുടെയും ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവയിലാണ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എംപിമാർക്ക് നൽകിവരുന്ന ഡെയിലി ബത്തയിലും വർദ്ധനവ് ഉണ്ട്. അഞ്ച് വർഷത്തിൽ കൂടുതൽ സേവനമുള്ളവർക്ക് ഓരോ വർഷത്തിനും പെൻഷനും അധിക പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ ശമ്പള വർദ്ധനവ് പ്രകാരം എംപിമാരുടെ പ്രതിമാസ ശമ്പളം 1,00,000 ൽ നിന്ന് 1,24,000 ആയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡെയിലി ബത്ത 2000 രൂപയിൽ നിന്നും 2500 രൂപയായും വർദ്ധിപ്പിച്ചു. മുൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ പ്രതിമാസം 25,000 രൂപയിൽ നിന്ന് 31,000 രൂപയായി വർദ്ധിപ്പിച്ചു .
അഞ്ച് വർഷത്തിലധികമുള്ള ഓരോ വർഷത്തെ സേവനത്തിനും പ്രതിമാസം ലഭിക്കുന്ന അധിക പെൻഷൻ 2,000 രൂപയിൽ നിന്ന് 2,500 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
1961 ലെ ആദായനികുതി നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാർ എംപിമാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. എംപിമാർക്കും മുൻ എംപിമാർക്കും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന ചെലവ് പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
Discussion about this post