ന്യൂഡൽഹി : വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മലയാളികളെ മൻ കീ ബാതിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാത്തിൽ പ്രശംസിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയുടെ 120-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മോദി.
കൂടാതെ മലയാളത്തിൽ വിഷു ആശംസകളും മോദി നേർന്നു. വരുന്ന എല്ലാം ആഘോഷങ്ങൾക്കും ആശംസകൾ നേർന്നു.ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെ കുറിച്ചും മോദി വിവരിച്ചു. ജോബിയെപോലുള്ളവർ പ്രചോദനമാണെന്നും മോദി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി മാത്യു ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസയറിയിച്ച് ജോബിക്ക് നേരത്തെ മോദി കത്തയച്ചിരുന്നു.
രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെ കുറിച്ച് വിവരിച്ചപ്പോഴാണ് മലയാളി റാപ്പ് ഗായകനായ ഹനുമാൻ കൈൻഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പരാമർശിച്ചത്. ഹനുമാൻ കൈൻഡിന്റെ പുതുതായി റിലീസ് ചെയ്ത റൺ ഇറ്റ് അപ്പ് എന്ന പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റടക്കം ഇന്ത്യയിലെ പല ആയോധനകലകളും ഉൾപ്പെടുത്തിയിരുന്നു. റൺ ഇറ്റ് അപ്പ്’ ലൂടെ ഇന്ത്യയുടെ പരമ്പരാഗത സംസ്‌കാരത്തെ ആഗോളതലത്തിൽ എത്തിച്ചു. പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. രണ്ടര കോടിയിലധികം പേരാണ് ഈ പാട്ട് യൂട്യൂബിൽ ഇതുവരെ കണ്ടത്.
നമ്മുടെ നാടൻ കളികൾ ഇപ്പോൾ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ഹനുമാൻകിന്ദിന്റെ പരിശ്രമം മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ തുടങ്ങിയതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ എന്ന് മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രിയും ഹനുമാൻകൈൻഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. റാപ്പറെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ‘ജയ് ഹനുമാൻ’ എന്ന് ഊഷ്മളമായി പറയുകയും ചെയ്തിരുന്നു.
Discussion about this post