ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എംപി. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂരിന്റെ പ്രശംസ ഉൾപ്പെട്ടിരിക്കുന്നത്. കൊറോണ കാലത്ത് കേന്ദ്രസർക്കാർ സ്വീകരിച്ച വാക്‌സിൻ നയം രാജ്യത്ത് ഏറെ ഗുണം ചെയ്തുവെന്നാണ് തരൂരിന്റെ പ്രശംസ.
കൊറോണയുടെ സമയത്ത് കേന്ദ്രസർക്കാർ സ്വീകരിച്ച വാക്‌സിൻ നയം ലോകനേതൃത്വ പദവിയിലേക്ക് ഇന്ത്യയെ നയിച്ചുവെന്നാണ് ശശി തരൂർ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. നിർണായക സമയത്ത് ലോകരാഷ്ട്രങ്ങൾ മടിച്ചു നിന്നപ്പോൾ ഇന്ത്യ രംഗത്ത് ഇറങ്ങി. 100 ൽ അധികം രാജ്യങ്ങൾക്ക് ആയിരുന്നു ഇന്ത്യ കൊറോണ വാക്‌സിൻ നൽകിയത്. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ലേഖനം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ശശി തരൂരിന്റെ വാക്കുകളെ സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് എത്തി. ഈ അഭിപ്രായം പ്രകടമാക്കിയതിന്റെ പേരിൽ ശശി തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പുനെവാലെ പ്രതികരിച്ചത്.
അതേസമയം ശശി തരൂരിന്റെ തുടർച്ചയായുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങളിൽ കോൺഗ്രസിന് വലിയ അതൃപ്തിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച യുക്രയ്ൻ- റഷ്യ വിഷയത്തിലും സമാന രീതിയിൽ കേന്ദ്രസർക്കാരിനെയും മോദിയെയും പ്രശംസിച്ച് ശശി തരൂർ രംഗത്ത് എത്തിയിരുന്നു. യുക്രെയ്‌നിനും റഷ്യയ്ക്കും സ്വീകാര്യനായ മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറിയിരിക്കുന്നുവെന്ന് ആയിരുന്നു തരൂരിന്റെ പുകഴ്ത്തൽ. ഇതിന് മുൻപ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയതിന് ശേഷവും ശശി തരൂർ പ്രശംസയുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post