ന്യൂഡൽഹി; 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. അടുത്തിടെ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോടുകൂടിയായിരിക്കും പുതിയനോട്ടുകൾ പുറത്തിറങ്ങുന്നത്.
പുതിയ നോട്ടുകൾ പുറത്തിറക്കുമ്പോൾ നിലവിൽ ഉള്ള കറൻസികളെ ഇത് ബാധിക്കില്ലെന്നും അവ മുമ്പത്തെപ്പോലെ തന്നെ പ്രചാരത്തിലായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
പുതിയ നോട്ടുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
മഹാത്മാഗാന്ധി സീരിസിലെ 10 രൂപ, 500 രൂപ നോട്ടുകൾക്ക് സമാനമായിരിക്കും പുതിയ നോട്ടുകളെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. നോട്ടുകളുടെ നിറം, രൂപകൽപ്പന, സുരക്ഷാ സവിശേഷതകൾ എന്നിവയിൽ പൊതുജനങ്ങൾ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കരുത് . പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പ് മാത്രമാണ് പ്രധാന മാറ്റം.
പഴയ കറൻസി ഇപ്പോൾ അസാധുവാകുമോ?
പഴയ കറൻസി നിർത്തലാക്കില്ല എന്നാണ് ആർബിഐ തരുന്ന ഉത്തരം. പഴയ 10, 500 രൂപ നോട്ടുകളുടെ സാധുതയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് പൂർണ്ണമായും വ്യക്തമാക്കിയിട്ടുണ്ട്. അതായത് പഴയ നോട്ടുകൾ ഉണ്ടെങ്കിൽ അവ മാറ്റേണ്ട ആവശ്യമില്ലെന്നും പഴയതുപോലെ ഉപയോഗിക്കാം എന്നും ആർബിഐ വ്യക്തമാക്കുന്നു.
Discussion about this post