ചെന്നൈ : തമിഴ്നാട്ടിൽ നിർമ്മാണം പൂർത്തിയായ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാമ്പൻ പാലം. പാലത്തിന്റെ ലംബ ലിഫ്റ്റ് സംവിധാനം പ്രധാനമന്ത്രി റിമോട്ടായി പ്രവർത്തിപ്പിക്കുകയും രാമേശ്വരം-താംബരം എക്സ്പ്രസിന്റെയും ഒരു കോസ്റ്റ് ഗാർഡ് കപ്പലിന്റെയും ഉദ്ഘാടന സ്പെഷ്യൽ ഫ്ലാഗ് ഓഫ് ചെയ്തു.
പാമ്പൻ പാലവും ദേശീയ പാത പദ്ധതികളും രാഷ്ട്രത്തിന് സമർപ്പിക്കുന്ന പൊതുസമ്മേളനത്തെ ഇന്ന് പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. രാമേശ്വരം ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.
സമുദ്ര ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക കണക്റ്റിവിറ്റിയും വളർച്ചയും വർദ്ധിപ്പിക്കുന്നതിനും പുതിയ പാലത്തിന്റെ നിർമ്മാണം ഏറെ ഗുണകരമാകുന്നതാണ്.
പാക് കടലിടുക്കിന് മുകളിലൂടെ 2.07 കിലോമീറ്റർ നീളത്തിലാണ് ഈ പാലം പണിതിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽപ്പാലം എന്ന സവിശേഷതയും പുതിയ പാമ്പൻ പാലത്തിനുണ്ട്. 550 കോടി രൂപ ചെലവിൽ ആണ് ഇന്ത്യൻ സർക്കാർ പുതിയ പാമ്പൻ പാലം നിർമ്മിച്ചിരിക്കുന്നത്.
വലിയ കപ്പലുകൾക്ക് റെയിൽ സർവീസുകളെ തടസ്സപ്പെടുത്താതെ അടിയിലൂടെ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചിട്ടുള്ളത്. 1914 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തായിരുന്നു പഴയ പാമ്പൻ പാലം നിർമ്മിച്ചിരുന്നത്. പുതിയ പാലത്തിന് 72.5 മീറ്റർ നാവിഗേഷൻ സ്പാൻ ഉള്ളതിനാൽ ഇത് 17 മീറ്റർ വരെ ഉയർത്താൻ കഴിയുന്നതാണ്. ഇത് വലിയ കപ്പലുകളുടെ പോലും ഗതാഗതത്തെ സുഗമമാക്കുന്നു. ഭാവിയിലേക്കുള്ള ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ഇരട്ട റെയിൽ ട്രാക്കുകൾ ആണ് പാമ്പൻ പാലത്തിൽ നിർമ്മിച്ചിട്ടുള്ളത്.
Discussion about this post