കൊളംബോ : ശ്രീലങ്കയിൽ തടവിൽ കഴിഞ്ഞിരുന്ന 14 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായുള്ള ചർച്ചകളിൽ മോദി മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര അതിർത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളുടേതുപോലുള്ള സങ്കീർണമായ വിഷയങ്ങളിൽ ഓരോ രാജ്യവും മാനുഷികമായ സമീപനം സ്വീകരിക്കണമെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ മോചിപ്പിക്കുന്നതിന് ശ്രീലങ്ക സർക്കാരുമായി ധാരണയിൽ എത്തിയതായും മോദി വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന ഇടുങ്ങിയ ജലപാൽ കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ശ്രീലങ്കൻ നാവികസേന കടുത്ത നടപടികൾ സ്വീകരിക്കുന്നതായി വിമർശനം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. പാക് ഉൾക്കടലിന്റെ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡണ്ടും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇപ്പോൾ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചിരിക്കുന്നത്.
Discussion about this post