തിരുവനന്തപുരം: റീയൂണിയൻ ദ്വീപുകളിലെ ചിക്കുൻഗുനിയ വ്യാപനത്തിൽ കേരളവും കരുതിയിരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്. ആഫ്രിക്കയുടെ കിഴക്ക് ഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധനിവേശ പ്രദേശമാണ് റീയൂണിയൻ ദ്വീപുകൾ. 20062007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കുൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നുവെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.
എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കുൻഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Discussion about this post