ആരോഗ്യ പരിപാലനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ സാധ്യതകളാണ് ഇന്ന് നമുക്ക് മുൻപിൽ ഉള്ളത്. പ്രമുഖരായ പല ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത നിർണായക ആരോഗ്യ വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇന്ന് കണ്ടെത്താൻ കഴിയുന്നു. യുഎസിൽ നിന്നുള്ള നാലു വയസ്സുകാരൻ അലക്സിന്റെ അസുഖം കണ്ടെത്താൻ 17 ഡോക്ടർമാരെ ആയിരുന്നു അമ്മയായ കോട്നി കണ്ടിരുന്നത്. എന്നാൽ ഈ 17 ഡോക്ടർമാർക്കും കുട്ടിയുടെ അപൂർവ രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അലക്സിന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കിയത് ചാറ്റ്ജിപിറ്റി ആണ്.
നേരത്തെ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന അസുഖ വിവരം ചാറ്റ്ജിപിറ്റി കണ്ടെത്തിയ ഒരു വാർത്ത വായിച്ചാണ് അലക്സിന്റെ അമ്മയും ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയത്. ഇടയ്ക്കിടെയുള്ള പല്ലുവേദന, വളർച്ച വൈകൽ, ബാലൻസ് നഷ്ടമാകൽ , പോസ്ചർ അസാധാരണതകൾ തുടങ്ങിയ വിചിത്രമായ ലക്ഷണങ്ങൾ ആയിരുന്നു അലക്സ് പ്രകടിപ്പിച്ചിരുന്നത്. കുട്ടിയുടെ യഥാർത്ഥ പ്രശ്നം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാതെ വന്നപ്പോൾ അമ്മ ഈ ലക്ഷണങ്ങളെ കുറിച്ച് ചാറ്റ്ജിപിറ്റിയിൽ സംശയങ്ങൾ ചോദിച്ചു. അലക്സിന്റെ എംആർഐ സ്കാൻ റിപ്പോർട്ടും കോട്നി ചാറ്റ്ജിപിറ്റിയ്ക്ക് പങ്കുവെച്ചു.
ഒടുവിൽ 17 ഡോക്ടർമാർ പരാജയപ്പെട്ടിടത്ത് ഏതാനും സമയം കൊണ്ട് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അലക്സിന്റെ രോഗനിർണയം നടത്തി. ടെതേർഡ് കോർഡ് സിൻഡ്രോം എന്ന സുഷുമ്‌നാ നാഡിയെ ബാധിക്കുന്ന ഒരു അസാധാരണ ന്യൂറോളജിക്കൽ അവസ്ഥയാണ് അലക്സിന് എന്നാണ് ചാറ്റ്ജിപിറ്റി ഉത്തരം നൽകിയത്. സമാനമായ ലക്ഷണങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിനെ കുറിച്ചും ചാറ്റ്ജിപിറ്റി അലക്സിന്റെ അമ്മയ്ക്ക് വിവരം നൽകി.
ഈ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്ത കോട്നി ഇത് അസുഖമുള്ള ഏതാനും കുട്ടികളുടെ മാതാപിതാക്കളുമായി മകന്റെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഈ മാതാപിതാക്കളുടെ കുട്ടികളും അനുഭവിച്ചിരുന്നത് ഏതാണ്ട് ഇതേ ലക്ഷണങ്ങൾ ആയിരുന്നു. ഒടുവിൽ ഇവർ തന്നെ മികച്ച ഒരു ന്യൂറോസർജനെ കുറിച്ച് കോട്നിക്ക് വിവരം നൽകി. ഒടുവിൽ ഈ ന്യൂറോസർജന്റെ ചികിത്സയിൽ അലക്സിന് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അലക്സ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് കോട്നി വ്യക്തമാക്കുന്നത്.
Discussion about this post