ലഖ്‌നൗ : ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി. ഗരീബ് രഥ് എക്‌സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം ആയിരുന്നു അജ്ഞാത വ്യക്തികൾ നടത്തിയത്. ദിലാവർ നഗറിനും റഹിമാബാദ് സ്റ്റേഷനുകൾക്കുമിടയിലുള്ള ട്രാക്കിൽ ഒരു കട്ടിയുള്ള മരക്കഷണം സ്ഥാപിച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ഉള്ള ശ്രമം നടത്തിയിരുന്നത്. തലനാരിഴയ്ക്ക് വൻ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ മറ്റൊരു പാളത്തിലൂടെ പോവുകയായിരുന്ന ‘കാശി വിശ്വനാഥ് എക്‌സ്പ്രസ്’ ലോക്കോ പൈലറ്റ് കൃത്യസമയത്ത് അപകടം കണ്ടെത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സംഭവം കണ്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. ഉടൻതന്നെ സിആർപിഎഫും പോലീസും ചേർന്ന് സംഭവസ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റെയിൽവേ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഈ പാളത്തിലൂടെ വരികയായിരുന്ന ഗരീബ് രഥ് ട്രെയിൻ മലിഹാബാദ് സ്റ്റേഷനിൽ നിർത്തിയിട്ടു. ട്രെയിൻ പാളം തെറ്റിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങളുടെ ഭാഗമായി ഒരു വലിയ തടിക്കഷണം ഏതാനും മാവിന്റെ കൊമ്പുകൾ എന്നിവ പാലത്തിൽ നിന്നും കണ്ടെടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. റഹിമാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും പോലീസിന്റെയും സിആർപിഎഫിന്റെയും നേതൃത്വത്തിൽ വ്യാപകമായ അന്വേഷണം നടത്തും എന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
Discussion about this post