ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ വ്യാജ വിപ്ലവകാരിയും സ്ത്രീകളെ ബഹുമാനിക്കാത്തയാളുമാണെന്ന ആരോപണവുമായി ഡല്‍ഹി സര്‍വകലാശാലാ അധ്യാപിക.
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ കനയ്യ കുമാറിനെ ജെഎന്‍യു അധികൃതര്‍ ശിക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിനി കൂടിയായ ഇവര്‍ പറഞ്ഞു.
കനയ്യയെ പോലെ ഒരാളെ ജെഎന്‍യു സമൂഹം വിപ്ലവകാരിയായി ഉയര്‍ത്തുന്നത് അപലപനീയവും വേദനാജനകവുമാണ്. സ്ത്രീയുടെ മാന്യത എന്നാല്‍ എന്താണെന്ന് കനയ്യാകുമാറിന് അറിയാമോയെന്നും സിബ്ബിടാതെ സ്വകാര്യഭാഗങ്ങള്‍ പുറത്തുകാട്ടി പൊതുവഴിയില്‍ മൂത്രമൊഴിക്കുന്നതാണോ നിങ്ങളുടെ വിപ്ലവമെന്നും കനയ്യയെ പോലെ ഒരു സ്ത്രീ വിരുദ്ധനെ വിപ്ലവകാരിയായി ചിത്രീകരിക്കുന്നത് ഞെട്ടിക്കുന്നെന്നും ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന തുറന്ന കത്തില്‍ യുവതി പറയുന്നു. കഴിഞ്ഞ വര്‍ഷം തന്നോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ജെഎന്‍യു അധികൃതര്‍ എടുത്ത നടപടിയുടെ നിര്‍ദേശത്തിന്റെ പകര്‍പ്പും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജെഎന്‍യു ക്യാംപസിനുള്ളില്‍ പരസ്യമായി മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിന് തന്നോട് മോശമായി പെരുമാറിയെന്നും പ്രതിഷേധിച്ചപ്പോള്‍ മാനസീകരോഗിയെന്ന് വിളിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ നല്‍കിയ പരാതിയില്‍ ജെഎന്‍യു അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കനയ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
സംഭവത്തില്‍ കനയ്യാ കുമാറിന് 3,000 രൂപ പിഴയും ഭാവിയില്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടാല്‍ വലിയ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സര്‍വ്വകലാശാലയുടെ നടപടി നിര്‍ദേശത്തിലുണ്ട്.
കനയ്യയുടെ പ്രവര്‍ത്തി ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കാന്‍ അയോഗ്യത വരുത്തുന്നതും അച്ചടക്ക നടപടി ഉറപ്പാക്കേണ്ടതാണെന്നും ഇതില്‍ പറയുന്നു. കനയ്യയുടെ കരിയര്‍ നിരീക്ഷണം ആവശ്യമാണെന്നും വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഇടപെടേണ്ട കാര്യമാണെന്നും 2015 ഒക്‌ടോബര്‍ 16 ന് പുറത്തുവിട്ട നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. കനയ്യ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് 2015 ജൂണ്‍ 10 നായിരുന്നു സംഭവം.
Discussion about this post