Robert Vadra links the Pahalgam terror attack to the government's Hindutva policies, sparking controversy.
കശ്മീരിലെ പാഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് എം പി പ്രീയങ്കാ ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര നടത്തിയ പ്രസ്താവന വിവാദമാവുകയാണ്. ഭീകരർ മതം നോക്കി ആക്രമണം നടത്തിയതിനു കാരണം, രാജ്യത്ത് മുസ്ലീങ്ങൾക്ക് സുരക്ഷിതത്വം ഇല്ലെന്ന് അവർക്ക് തോന്നുന്നതാണ് എന്നായിരുന്നു വാദ്രയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഒരു സന്ദേശമായാണ് ഭീകരർ ഈ കൃത്യം നടത്തിയതെന്നും വദ്ര പറഞ്ഞിരുന്നു.
“ഈ സർക്കാർ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയാണ്. മോസ്കുകളുടെ സർവേ നടത്തുകയും ആരാധനാ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുകയാണ്. ഈ ആക്രമണത്തിൽ അവർ ആൾക്കാരുടെ മതം നോക്കിയാണ് കൊല നടത്തിയത്. അതിനു കാരണം മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ഈ നാട്ടിലുണ്ടായ വിടവാണ്. മതം നോക്കി ആൾക്കാരെ കൊലപ്പെടുത്തുന്നത് പ്രധാനമന്ത്രിക്കുള്ള സന്ദേശമാണ്. കാരണം മുസ്ലീങ്ങൾ ഈ നാട്ടിൽ ദുർബലരാണെന്ന് കരുതുന്നു. ന്യൂനപക്ഷങ്ങൾ ഈ നാട്ടിൽ ദുർബലരാണെന്ന് കരുതുന്നു.“ വാദ്ര പറഞ്ഞു.
വാദ്രയുടെ പ്രസ്താവനക്കെതിരെ ഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന, ഭീകരർക്ക് വേണ്ടി ഒളിയുദ്ധം നടത്തുന്ന പ്രസ്താവനയാണ് വാദ്ര നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. “പാകിസ്താനിൽ നിന്നുള്ള ഭീകരർ നടത്തുന്ന അതിക്രമങ്ങൾക്ക് ഇന്ത്യയുടെ മേൽ കുറ്റം ചുമത്തുന്നതിന് തുല്യമാണിത്“ എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. “റോബർട്ട് വാദ്രയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിക്കുന്നതിന് പകരം, അദ്ദേഹം അതിനെ രാഷ്ട്രീയവൽക്കരിക്കാണ് ശ്രമിക്കുന്നത്. ഇത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് വിദ്വേഷത്തിൻ്റെ വിത്തുകൾ വിതച്ചത് കോൺഗ്രസിൻ്റെ ഈ മനോഭാവമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. “ഭീകരവാദികൾ നടത്തുന്ന കൊടുംക്രൂരതകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു ദേശീയ നേതാവിൽ നിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്. കോൺഗ്രസിന്റെ ഈ മാനസികാവസ്ഥയാണ് രാജ്യത്ത് വിഭാഗീയത വളർത്തുന്നത്,” ദുബെ പറഞ്ഞു.
റോബർട്ട് വാദ്രയുടെ പ്രസ്താവനയെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ചില കോൺഗ്രസ് നേതാക്കൾ വാദ്രയുടെ പ്രസ്താവനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.
Leave a Comment