ലഖ്‌നൗ : ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ പൗരന്മാർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശിൽ നടത്തിയ കണക്കെടുപ്പിൽ ആയിരത്തിലധികം പാകിസ്താൻ പൗരന്മാരാണ് സംസ്ഥാനത്ത് കഴിയുന്നതെന്ന് സ്ഥിരീകരിച്ചു. ഇവർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചതായി യോഗ സർക്കാർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ എത്തിയ പാകിസ്താൻ പൗരന്മാരിൽ വലിയൊരു വിഭാഗം ഉള്ളത് ഉത്തർപ്രദേശിൽ ആണ്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യൻ സർക്കാർ പാകിസ്താൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും നാടുകടത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ ഇവർ ഉടൻ തന്നെ പാകിസ്താനിലേക്ക് മടങ്ങേണ്ട സ്ഥിതിയാണുള്ളത്. പാകിസ്താൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
2025 ഏപ്രിൽ 27 മുതൽ നാടുകടത്തൽ നടപടികൾ ആരംഭിക്കുമെന്നും പുതിയ വിസകൾ ഇനി അനുവദിക്കില്ല എന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്താൻ പൗരന്മാരുടെയും വിസ 2025 ഏപ്രിൽ 29 വരെ മാത്രമായിരിക്കും സാധുത ഉണ്ടാവുക. അതിനാൽ തന്നെ ഏപ്രിൽ 29ന് മുൻപ് എല്ലാ പാകിസ്താൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
Discussion about this post