പഹൽഗാം വിഷയത്തിൽ സമചിത്തതയോടെ നിലപാടുകൾ സ്വീകരിച്ച ശശി തരൂർ എംപിക്കെതിരെ പരസ്യമായി രംഗത്തെത്തി കോൺഗ്രസ്. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന് പരിഹസിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ് അദ്ദേഹം ഒരു സൂപ്പർ-ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണോയെന്നും ചോദിച്ചു. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർപേഴ്‌സൺ ബിലാവൽ ഭൂട്ടോയുടെ ഭീഷണി പ്രസ്താവനയിൽ ശശി തരൂർ നടത്തിയ പ്രതികരണത്തിനാണ് കോൺഗ്രസിന്റെ വിമർശനം.
ബിജെപി തരൂരിനെ അവരുടെ വക്താവായി നിയമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഉദിത് എപ്പോഴാണ് സർക്കാർ പാക് അധിനിവേശ കശ്മീർപിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം ബിജെപിയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അക്കാര്യത്തിലല്ല ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു ശശിതരൂരിന്റെ പരാമർശം വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധു നദിയിലെ ജലം ഒഴുകിയില്ലെങ്കിൽ ഇന്ത്യയുടെ രക്തം ചിന്തും എന്ന് ബിലാവൽ ഭൂട്ടോ ഭീഷണിപ്പെടുത്തിയിരുന്നു. ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന വാചോടാപമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം
Discussion about this post