മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടത്താൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം. കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞതായാണ് സൂചന. അതേ സമയം മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കർണ്ണാടക പോലീസിന് സാധിച്ചിട്ടില്ല.
മലയാളിയാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് കർണ്ണാടക പോലീസ് കേരളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നാടുവിട്ടുപോയ വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു.
കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് അറസ്റ്റിലായവര്‍.
ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു.









Discussion about this post