ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന കർത്തവ്യ പഥിൽ ഇത്തവണ ചരിത്രം വഴിമാറും. സിആർപിഎഫിന്റെ (CRPF) 140 പേരടങ്ങുന്ന പുരുഷ സൈനികരുടെ കണ്ടിജന്റിനെ നയിക്കാൻ 26-കാരിയായ അസിസ്റ്റന്റ് കമാൻഡന്റ് സിമ്രാൻ ബാല എത്തും. രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ പുരുഷ സൈനികരുടെ പരേഡിന് നേതൃത്വം നൽകുന്നത്.
“അതിർത്തിയിലെ ശബ്ദങ്ങൾ കേട്ടു വളർന്ന എനിക്ക് കർത്തവ്യ പഥിൽ നമ്മുടെ സേനയെ നയിക്കാൻ കഴിയുന്നത് സ്വപ്നതുല്യമാണ്. ഇത് ഓരോ ഭാരതീയ വനിതയുടെയും വിജയമാണെന്ന്- സിമ്രാൻ ബാല പറഞ്ഞു
നാരിശക്തിയുടെയും കരുത്തിന്റെയും പുതിയ മുഖമായി സിമ്രാൻ ബാല ജനുവരി 26-ന് ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ പെരുമ വിളിച്ചോതും.ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലുള്ള നൗഷേര എന്ന അതിർത്തി ഗ്രാമത്തിൽ നിന്നാണ് സിമ്രാന്റെ വരവ്. നിയന്ത്രണ രേഖയ്ക്ക് (LoC) തൊട്ടടുത്തുള്ള ഈ പ്രദേശത്ത് സൈനിക സേവനവും അച്ചടക്കവും ജീവിതത്തിന്റെ ഭാഗമാണ്. തന്റെ ജില്ലയിൽ നിന്ന് സിആർപിഎഫിൽ ഓഫീസറാകുന്ന ആദ്യ വനിതയാണ് സിമ്രാൻ. 2023-ലെ യുപിഎസ്സി സിഎപിഎഫ് (CAPF) പരീക്ഷയിൽ ആദ്യശ്രമത്തിൽ തന്നെ 82-ാം റാങ്ക് നേടിയാണ് സിമ്രാൻ യൂണിഫോമിട്ടത്.ആ വർഷം ജമ്മു കശ്മീരിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഏക വനിതയും സിമ്രാനായിരുന്നു. കശ്മീരിലെ യുവതികൾക്ക് വലിയൊരു ആവേശമാണ് സിമ്രാന്റെ ഈ യാത്ര.
വെറുമൊരു പ്രതീകാത്മകമായ തിരഞ്ഞെടുപ്പല്ല സിമ്രാന്റേത്. മാസങ്ങളായി തുടരുന്ന കഠിനമായ റിപ്പബ്ലിക് ദിന പരിശീലനത്തിനിടയിൽ സിമ്രാൻ കാഴ്ച്ചവെച്ച അസാമാന്യമായ നേതൃപാടവവും ഡ്രിൽ കൃത്യതയുമാണ് ഈ സ്ഥാനത്തേക്ക് അവരെ എത്തിച്ചത്. സിമ്രാന്റെ ശബ്ദഗാംഭീര്യവും ആത്മവിശ്വാസവും മുതിർന്ന ഉദ്യോഗസ്ഥരെ വിസ്മയിപ്പിച്ചു. ഒരു യുവ വനിതാ ഓഫീസർ പുരുഷ സൈനികരെ മുന്നിൽ നിന്ന് നയിക്കുന്നത് കാണുമ്പോൾ അത് വരും തലമുറയിലെ ആയിരക്കണക്കിന് പെൺകുട്ടികൾക്ക് സൈന്യത്തിൽ ചേരാൻ പ്രചോദനമാകുമെന്നതിൽ സംശയമില്ല.











Discussion about this post