ബംഗ്ലാദേശിലെ ക്രമസമാധാന നില വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ വിളിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ മുൻകരുതൽ നടപടി.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും മറ്റ് കോൺസുലേറ്റുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരോട് എത്രയും വേഗം ഭാരതത്തിലേക്ക് മടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.കുടുംബാംഗങ്ങളെ തിരികെ വിളിച്ചെങ്കിലും ബംഗ്ലാദേശിലെ ഇന്ത്യൻ മിഷനുകൾ അടച്ചുപട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ധാക്കയിലെ ഹൈക്കമ്മീഷനും മറ്റ് നയതന്ത്ര കാര്യാലയങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കും. ഉദ്യോഗസ്ഥർ അവിടെ തുടരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അക്രമസംഭവങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഭാരതം ലക്ഷ്യമിടുന്നത്.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഫെബ്രുവരി 12-ന് നടക്കുന്നത്.ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്കാരങ്ങളിൽ ജനവിധി തേടുന്ന റെഫറണ്ടവും തിരഞ്ഞെടുപ്പിനൊപ്പം നടക്കും.
ഒരാൾക്ക് പത്തുവർഷത്തിൽ കൂടുതൽ പ്രധാനമന്ത്രി പദവിയിൽ തുടരാനാകില്ലെന്ന നിർണ്ണായക നിർദ്ദേശമാണ് റെഫറണ്ടത്തിലെ പ്രധാന വിഷയം. എക്സിക്യൂട്ടീവ് അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്ന ഈ നീക്കത്തിന് വോട്ടർമാരുടെ പിന്തുണ യൂനുസ് തേടിയിട്ടുണ്ട്.










Discussion about this post