26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു വൻകിട ആക്രമണത്തിന് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ തോയ്ബ (LeT) പദ്ധതിയിടുന്നതായി സൂചന. ഭീകരർക്ക് കടൽ വഴിയുള്ള ആക്രമണങ്ങൾക്കായി പ്രത്യേക പരിശീലനം നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ലഷ്കറിന്റെ പോഷക സംഘടനയായ പാകിസ്താൻ മർക്കസി മുസ്ലീം ലീഗിന്റെ (PMML) നേതൃത്വത്തിൽ ഒരു ‘വാട്ടർ ഫോഴ്സ്’ (Water Force) രൂപീകരിക്കുന്നതായാണ് വീഡിയോ വെളിപ്പെടുത്തുന്നത്.
ലഷ്കർ നേതാവ് ഹാരിസ് ധർ ഭീകരരുടെ പരിശീലനം നേരിട്ട് വിലയിരുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്കൂബ ഡൈവിംഗ്, അതിവേഗ ബോട്ടുകൾ നിയന്ത്രിക്കൽ, കടലിനടിയിലുള്ള യുദ്ധമുറകൾ, നീന്തൽ എന്നിവയിൽ വിദഗ്ദ്ധമായ പരിശീലനമാണ് ഭീകരർക്ക് നൽകുന്നത്.
മൂന്ന് തഹസീലുകളിലായി ഇതിനകം 135 യുവാക്കൾക്ക് ബോട്ട് കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകിക്കഴിഞ്ഞതായി ഒരു ലഷ്കർ കമാൻഡർ വീഡിയോയിൽ അവകാശപ്പെടുന്നു. ഇന്ത്യൻ ചാനലുകൾ ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് പരിഹസിച്ചുകൊണ്ടാണ് ഇയാൾ സംസാരിക്കുന്നത്.
ലഷ്കർ ഡെപ്യൂട്ടി ചീഫ് സൈഫുല്ല ഖാലിദ് കസൂരി നേരത്തെ ഭാരതത്തിന് നേരെ പരസ്യമായ ഭീഷണി മുഴക്കിയിരുന്നു. 2025-ൽ നടന്ന സംഘർഷത്തിൽ പാക് വ്യോമസേന ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി. 2025 ആകാശത്തിന്റേതായിരുന്നെങ്കിൽ 2026 കടലിന്റേതായിരിക്കുമെന്നാണ് കസൂരി മുരിദ്‌കെയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഇന്ത്യൻ നാവികസേനയെ നേരിടുമെന്നും മുംബൈ മാതൃകയിൽ കടൽ മാർഗ്ഗം രക്തച്ചൊരിച്ചിൽ നടത്തുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭീകരതയ്ക്ക് പാകിസ്താൻ നൽകുന്ന സംരക്ഷണം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലും അശാന്തി പടർത്താൻ പാകിസ്താൻ ഭീകര സംഘടനകളെ ഉപയോഗിക്കുന്നു എന്ന ഭാരതത്തിന്റെ വാദത്തിന് അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങൾ.











Discussion about this post