ന്യൂഡൽഹി : പാർലമെന്ററി നടപടികളിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി ബജറ്റ് സമ്മേളനത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ നിയമപ്രകാരം ഇനി പാർലമെന്റ് അംഗങ്ങൾ സഭയിൽ അവരുടെ നിയുക്ത സീറ്റുകളിൽ ഉണ്ടെങ്കിൽ മാത്രമേ ഇനി അവരുടെ ഹാജർ രേഖപ്പെടുത്തൂ എന്ന് സ്പീക്കർ അറിയിച്ചു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതൽ പുതിയ ഹാജർ നിയമം പ്രാബല്യത്തിൽ വരും.
നേരത്തെ പാർലമെന്റ് സമുച്ചയത്തിൽ എവിടെ നിന്നും ഹാജർ രേഖപ്പെടുത്തുന്ന രീതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പാർലമെന്ററി നടപടികളിൽ സുതാര്യതയും സജീവ പങ്കാളിത്തവും ഉറപ്പാക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഗൗരവവും അച്ചടക്കവും പാലിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് പാർലമെന്റ് സമുച്ചയത്തിലെ ഹൗസ് ചേംബറിന് പുറത്ത് നിന്ന് അംഗങ്ങൾ ഹാജർ രേഖപ്പെടുത്തുന്ന രീതി നിർത്തലാക്കുകയാണെന്ന് ലോക്‌സഭാ സ്പീക്കർ അറിയിച്ചു.
പാർലമെന്റിൽ ഉപയോഗിക്കുന്നതിനായി AI ഉപകരണങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും സാധ്യമായ പിശകുകൾ ഇല്ലാതാക്കുന്നതിനായി മാനുവൽ വെരിഫിക്കേഷൻ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ലോക്‌സഭാ സ്പീക്കർ പറഞ്ഞു. തിരഞ്ഞെടുത്ത മീറ്റിംഗുകളിൽ തത്സമയ വിവർത്തനം പൈലറ്റ് ചെയ്‌ത് നടപ്പിലാക്കുന്നുണ്ട്, വരും മാസങ്ങളിൽ ഇത് പ്രവർത്തനക്ഷമമാകും. കൂടാതെ, ഗവേഷണ പ്രബന്ധങ്ങളിലേക്കും റഫറൻസ് മെറ്റീരിയലുകളിലേക്കും സമയബന്ധിതമായി പ്രവേശനം നൽകുന്നതിന് നിയമസഭാംഗങ്ങൾക്ക് 24×7 ഗവേഷണ പിന്തുണാ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് എന്നും സ്പീക്കർ ഓം ബിർള പറഞ്ഞു.










Discussion about this post