ലഖ്‌നൗ : യുദ്ധവിമാനങ്ങൾക്ക് രാത്രി ലാൻഡിംഗ് സൗകര്യമുള്ള രാജ്യത്തെ ആദ്യ എക്സ്പ്രസ് വേ ആയ ഉത്തർപ്രദേശിലെ ഗംഗ എക്സ്പ്രസ് വേ പൂർണ്ണമായും പ്രവർത്തനസജ്ജമായി. വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഈ പുതിയ എക്സ്പ്രസ് വേയിൽ ഇന്ന് പരീക്ഷണ പ്രവർത്തനം നടത്തും. രാത്രിയും പകലും ഒരുപോലെ ലാൻഡിങ് സൗകര്യം ഉള്ള എക്സ്പ്രസ് വേ ആണ് ഇത്. 24 മണിക്കൂറും സൈനിക പ്രവർത്തനങ്ങൾ നടത്താനും അടിയന്തര ഘട്ടങ്ങളിൽ ഒരു ബദൽ റൺവേ എന്ന നിലയിൽ പ്രവർത്തിക്കാനും കഴിയുന്ന രീതിയിലാണ് ഗംഗ എക്സ്പ്രസ് വേ സജ്ജമാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഗംഗാ എക്സ്പ്രസ് വേയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് ലാൻഡിംഗ് സ്ട്രിപ്പിൽ റാഫേൽ, മിഗ് -29, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങൾ ലാൻഡിംഗ് പരിശീലനം നടത്തുമെന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. എയർസ്ട്രിപ്പിന്റെ രാത്രി-ലാൻഡിംഗ് ശേഷി പരീക്ഷിക്കുന്നതിനായി പകലും രാത്രിയും രണ്ട് ഘട്ടങ്ങളിലായി വ്യോമ അഭ്യാസങ്ങൾ നടത്തപ്പെടും.
നിലവിൽ നാല് എക്സ്പ്രസ് വേ എയർ സ്ട്രിപ്പുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ: ഉന്നാവോ ജില്ലയിലെ എയർസ്ട്രിപ്പ്, പുർവാഞ്ചൽ എക്സ്പ്രസ് വേ: സുൽത്താൻപൂർ ജില്ലയിലെ എയർസ്ട്രിപ്പ്, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ: ഇറ്റാവയ്ക്ക് സമീപമുള്ള എയർസ്ട്രിപ്പ് എന്നിവയാണ് മറ്റ് മൂന്ന് എയർ സ്ട്രിപ്പുകൾ. എന്നാൽ ഇവ മൂന്നിലും പകൽ മാത്രമാണ് വ്യോമസേനയുടെ യുദ്ധ, ഗതാഗത വിമാനങ്ങൾക്ക് ലാൻഡിങ് സൗകര്യം ഉള്ളത്. രാത്രിയും പകലും ഒരുപോലെ ലാൻഡിങ് സൗകര്യമുള്ള ആദ്യ എക്സ്പ്രസ് വേ എയർ സ്ട്രിപ്പ് ആണ് ഗംഗ എക്സ്പ്രസ് വേയിൽ ഒരുക്കിയിരിക്കുന്നത്.
Discussion about this post