ധാക്ക : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് മേജർ ജനറൽ എ.എൽ.എം. ഫസ്ലുർ റഹ്മാൻ. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും എന്നും ഫസ്ലുർ റഹ്മാൻ പ്രസ്താവിച്ചു. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായിയാണ് ബംഗ്ലാദേശ് റൈഫിൾസിന്റെ മുൻ തലവൻ കൂടിയായ ഫസ്ലുർ റഹ്മാൻ.
ഇന്ത്യയ്ക്കെതിരായി പാകിസ്താനും ബംഗ്ലാദേശും ചൈനയും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഫസ്ലുർ റഹ്മാൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 7 വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. അതിനായി ചൈനയുമായി ഒരു സംയുക്ത സഹകരണ നീക്കത്തിന് ചർച്ചകൾ ആരംഭിക്കേണ്ട സമയമായി എന്നും നിലവിൽ ബംഗ്ലാദേശിന്റെ നാഷണൽ ഇൻഡിപെൻഡന്റ് കമ്മീഷൻ ചെയർപേഴ്‌സൺ ആയ ഫസ്ലുർ റഹ്മാൻ വ്യക്തമാക്കി.
മാർച്ചിൽ ചൈന സന്ദർശിച്ച വേളയിൽ മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളും ഏറെ വിവാദമായിരുന്നു. “ഇന്ത്യയുടെ കിഴക്കൻ ഭാഗമായ ഏഴ് സംസ്ഥാനങ്ങളെ ഏഴ് സഹോദരിമാർ എന്ന് വിളിക്കുന്നു. അവ ഇന്ത്യയുടെ ഒരു കരയാൽ ചുറ്റപ്പെട്ട പ്രദേശമാണ്. സമുദ്രത്തിലേക്ക് എത്താൻ അവർക്ക് ഒരു മാർഗവുമില്ല. മേഖലയിലെ “സമുദ്രത്തിന്റെ ഏക സംരക്ഷകൻ” ബംഗ്ലാദേശാണ് “. ഇത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണമായ ഒരു വലിയ അവസരമാകും” എന്നായിരുന്നു മുഹമ്മദ് യൂനുസ് അന്ന് പ്രസ്താവന നടത്തിയിരുന്നത്.
Discussion about this post