പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ. പാകിസ്താനിലേക്കുള്ള ജലമൊഴുക്കും കുറച്ചിരിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാർ മരവിപ്പിച്ചതിന് തുടർച്ചയായി ഹ്രസ്വ-മധ്യ-ദീർഘകാല നടപടികൾ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം.
ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാർ അണക്കെട്ടിൽനിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറിൽനിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം.
അതേസമയം പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിരിക്കുകയാണ്. പാകിസ്താനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്താൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്
Discussion about this post