ന്യൂഡൽഹി : ഉയരങ്ങളിലുള്ള നിരീക്ഷണ ശേഷിയിൽ വമ്പൻ മുന്നേറ്റവുമായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). ലോകത്തിൽ തന്നെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം നിലവിലുള്ള സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള പരീക്ഷണ സൈറ്റിൽ നിന്ന് ഇന്ത്യയുടെ ആദ്യ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ ആദ്യ പറക്കൽ പരീക്ഷണം ആണ് നടത്തിയത്.
സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പരീക്ഷണം ഏകദേശം 62 മിനിറ്റ് നീണ്ടുനിന്നു. ഈ സമയത്ത്, ഉപകരണ പേലോഡ് വഹിച്ച ആകാശക്കപ്പൽ ഏകദേശം 17 കിലോമീറ്റർ ഉയരത്തിൽ എത്തി. വായുവിനേക്കാൾ ഭാരം കുറഞ്ഞ ഈ സംവിധാനം ഇന്ത്യയുടെ ഭൂമി നിരീക്ഷണവും രഹസ്യാന്വേഷണ ശേഷിയും വർദ്ധിപ്പിക്കുന്നതാണ്. ഡിആർഡിഒയുടെ ആഗ്ര ആസ്ഥാനമായുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിആർഡിഇ) ആണ് ഈ എയർഷിപ്പ് വികസിപ്പിച്ചെടുത്തത്.
ഭൂമി നിരീക്ഷണം, ഇന്റലിജൻസ്, നിരീക്ഷണം എന്നിവയിൽ എല്ലാം രാജ്യത്തിന്റെ കഴിവ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പ്രതിരോധ വകുപ്പിന്റെ നിശ്ചയദാർഢ്യം കൂടിയാണ് ഇന്ന് നടന്ന വിജയകരമായ പരീക്ഷണത്തിൽ കണ്ടത്. 62 മിനിറ്റ് നീണ്ടുനിന്ന ആ പറക്കലിൽ, എൻവലപ്പ് പ്രഷർ കൺട്രോൾ, എമർജൻസി ഡിഫ്ലേഷൻ മെക്കാനിസങ്ങൾ തുടങ്ങിയ പ്രധാന ഓൺബോർഡ് സിസ്റ്റങ്ങളുടെ പ്രകടനവും പരിശോധിച്ചു. പറക്കലിനിടെ ഓൺബോർഡ് സെൻസറുകളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ, ഭാവിയിലെ ഉയർന്ന ഉയരത്തിലുള്ള എയർഷിപ്പ് ദൗത്യങ്ങൾക്കായി ഉയർന്ന വിശ്വാസ്യതയുള്ള സിമുലേഷൻ മോഡലുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു.
Discussion about this post